
കൊച്ചി: മെസി തട്ടിപ്പിൽ റിപ്പോർട്ടർ ചാനലിലടക്കം എസ്.ഐ.ടി നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത വിദേശകറൻസി കണ്ടെത്തിയതിൽ മറ്റൊരു കേസുകൂടി എടുത്തേക്കും. മെസി തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ആന്റോ അഗസ്റ്റിനെ ചോദ്യംചെയ്ത ശേഷമായിരിക്കുമിത്. അതേസമയം, റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ, മെമ്മറി കാർഡുകൾ, കലൂർ അന്താരാഷ്ട്ര സ്റ്റേഡിയവുമായി ബന്ധപ്പെട്ട കരാർ രേഖകൾ എന്നിവ പരിശോധിച്ച് വരികയാണെന്ന് എസ്.ഐ.ടി തലവൻ എ.ഡി.ജി.പി പി.വിജയൻ കേരളകൗമുദിയോട് പറഞ്ഞു.
നിർണായക രേഖകൾ പലതും നശിപ്പിച്ചതായി എസ്.ഐ.ടി സംശയിക്കുന്നു. പ്രാഥമിക പരിശോധനയിൽ പെൻഡ്രൈവുകളിൽ രേഖകളൊന്നും കണ്ടെത്താത്തതാണ് സംശയത്തിന് ഇടയാക്കിയത്. പിടിച്ചെടുത്ത ഡിജിറ്റൽ രേഖകൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയയ്‌ക്കും.
റിപ്പോർട്ടർ ടിവിയുടെ കളമശേരിയിലെ ആസ്ഥാനത്തടക്കം എസ്.ഐ.ടി നടത്തിയ മിന്നൽ പരിശോധന നീണ്ടത് 20 മണിക്കൂർ. ബുധനാഴ്ച രാവിലെ ആറോടെ തുടങ്ങിയ പരിശോധന വ്യാഴാഴ്ച പുലർച്ചെ 2.30നാണ് അവസാനിച്ചത്.
വ്യാജ വിവാഹ ആരോപണം:
അന്വേഷണം തുടങ്ങി
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ഉന്നയിച്ച വ്യാജ വിവാഹ ആരോപണ കേസിൽ അന്വേഷണം തുടങ്ങി. തിരുവനന്തപുരം സൈബർ പൊലീസ് കൈമാറിയ സീറോ എഫ്.ഐ.ആറിൽ ഇന്നലെ കളമശേരി പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് രാജു പി.നായർ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |