തിരുവനന്തപുരം: ടാങ്കർ ലോറിയിലൂടെ കുടിവെള്ള വിതരണത്തിന് അഡ്മിനിസ്‌ട്രേറ്റീവ് ചാർജ് നിർബന്ധമാക്കി വാട്ടർ അതോറിട്ടി. ഇതോടെ തദ്ദേശസ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും വാട്ടർ അതോറിട്ടി ഫില്ലിംഗ് പോയന്റുകളിൽ നിന്നും ടാങ്കറിൽ ശേഖരിച്ച് വിതരണം ചെയ്യുന്ന വെള്ളത്തിന് ചെലവേറും.
നിലവിൽ കുടിവെള്ളത്തിന്റെ ചാർജായി കിലോലിറ്ററിന് 76.15 രൂപയ്ക്കാണ് ടാങ്കറുകളിൽ വെള്ളം നിറക്കുന്നതിന് ഈടാക്കുന്നത്. ഇതോടൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്ജായി 6,000 ലിറ്റർവരെ 330.75 രൂപയും 6000 ലിറ്ററിന് മുകളിൽ 551.25 രൂപയും ഈടാക്കണമെന്നാണ് നിർദ്ദേശം. 2023 ഫെബ്രുവരിയിലാണ് ഇതിന് അനുമതി നൽകിയത്. എന്നാലിത് പൂർണതോതിൽ പ്രാവർത്തികമായിരുന്നില്ല.
ഏറ്റവും കൂടുതൽ ടാങ്കറുകൾ വഴി കുടിവെള്ള വിതരണം നടക്കുന്ന തിരുവനന്തപുരത്തടക്കം അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്ജ് ഈടാക്കിയിരുന്നില്ല. തളിപ്പറമ്പ് വാട്ടർ സപ്ലൈ ഡിവിഷന് കീഴിലുള്ള ചില സബ് ഡിവിഷനുകളിൽ വാട്ടർ ചാർജ്ജ് ഈടാക്കി ജലവിതരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്ജ് ഈടാക്കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം വാട്ടർ അതോറിട്ടി പുറത്തിറക്കിയത്.
ഉത്തരവ് പാലിക്കണം
അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്ജ് സംബന്ധിച്ച ഉത്തരവ് ഫീൽഡ് ഓഫീസർമാർ കർശനമായി പാലിക്കാനും വീഴ്ചയുണ്ടാകരുതെന്നും ഉത്തരവിലുണ്ട്. ടാങ്കറുകൾ ആരുടെ ഉടമസ്ഥതയിലായാലും ഫില്ലിംഗ് പോയന്റുകളിൽ വാട്ടർ അതോറിട്ടി ജീവനക്കാരുടെ മേൽനോട്ടത്തിലാണ് വെള്ളം അളന്ന് നൽകുന്നത്. ഇതിലൂടെ ചെലവുകൾ നികത്താൻ അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്ജ് ഈടാക്കണമെന്നാണ് നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |