SignIn
Kerala Kaumudi Online
Friday, 04 September 2026 12.40 AM IST

കേരള ഹൗസിലെ ഉദ്യോഗസ്ഥ പോരിൽ അന്വേഷണം

aa

ന്യൂഡൽഹി: കേരള ഹൗസിലെ രണ്ട് ഉദ്യോഗസ്ഥകൾ തമ്മിലുള്ള പോരും കൈയാങ്കളിയും സംബന്ധിച്ച് റസിഡന്റ് കമ്മിഷണർ പുനീത് കുമാർ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്ന് സൂചന. പൊലീസിൽവരെ പരാതി എത്തിയ സാഹചര്യത്തിലാണിത്. തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റപ്പെട്ട അഡിഷണൽ ലാ സെക്രട്ടറി ടി.എസ്.ഗ്രാൻസിയും ഡെപ്യൂട്ടി ലാ സെക്രട്ടറി വൈ.ഷൺമുവതിയും തമ്മിലുണ്ടായ തർക്കമാണ് കഴിഞ്ഞദിവസം കൈയാങ്കളിയിലെത്തിയത്. ഗ്രാൻസി ഓഫീസ് ഒഴിയാത്തതാണ് തർക്കത്തിന് ഇടയാക്കിയത്.

തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നും ഭീഷണി മുഴക്കിയെന്നും ആരോപിച്ച് ഗ്രാൻസിക്കെതിരെ ഷൺമുവതി ഇന്നലെ തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവദിവസം സ്റ്റേഷൻ എസ്.എച്ച്.ഒ ഇല്ലാത്തതിനാൽ പരാതി രേഖാമൂലം സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ആഗസ്റ്റ് 5ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റപ്പെട്ട ഗ്രാൻസി നിയമവിഭാഗത്തിന്റെ ട്രാവൻകൂ‌ർ ഹൗസ് വളപ്പിലെ ഓഫീസിലേക്ക് പലതവണ അതിക്രമിച്ചു കയറി ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഓഫീസിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും കൈമാറിയില്ല. റസിഡന്റ് കമ്മിഷണറുടെ നിർദ്ദേശമാണ് താൻ പാലിച്ചത്. ബുധനാഴ്ച ഓഫീസിലെത്തി ഗ്രാൻസി തന്റെ നേർക്ക് ആക്രോശിച്ചു. അസഭ്യവ‌ർഷം നടത്തി. കാർക്കിച്ചു തുപ്പി. അവിടെയിരുന്ന ഫയലുകൾ തന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. പലവട്ടം ആക്രമിക്കാൻ ശ്രമിച്ചു. കുടുംബത്തെ തീർക്കുമെന്ന് ഭീഷണി മുഴക്കി. ഓഫീസിന്റെ ഒരുഭാഗം പൂട്ടി താക്കോലുമായി കടന്നുകള‌ഞ്ഞു. ഓഫീസിലെ ഹാജർ ബുക്ക് ഇപ്പോൾ കാണുന്നില്ല. ഗ്രാൻസി മോഷ്‌ടിച്ചതായിരിക്കുമെന്നാണ് സംശയിക്കുന്നതെന്നും തനിക്ക് സുരക്ഷ നൽകണമെന്നും പരാതിയിൽ പറയുന്നു.

അതേസമയം, ഷൺമുവതി സാമ്പത്തിക തിരിമറി നടത്തിയെന്ന് സംശയമുയർന്നപ്പോൾ അക്കാര്യം അന്വേഷിക്കാൻ താൻ ആവശ്യപ്പെട്ടതിനാലാണ് ഇത്തരം ആരോപണങ്ങളെന്നാണ് ഗ്രാൻസിയുടെ വാദം. സാമ്പത്തിക തിരിമറി സത്യമെങ്കിൽ ഷൺമുവതിക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് താൻ ശുപാർശ ചെയ്‌തിരുന്നുവെന്നും ഗ്രാൻസി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA