SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.20 AM IST

കിഫ്ബിയിൽ അനിശ്ചിതത്വം, നവകിരണം പദ്ധതി ഇഴയുന്നു

READ ENGLISH VERSION
a

തിരുവനന്തപുരം: വനമേഖലയിലെ പട്ടയഭൂമി സർക്കാർ ഏറ്റെടുത്തുകൊണ്ട് ഉടമകൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാൻ പണം നൽകുന്ന നവകിരണം പദ്ധതി ഇഴയുന്നു.

കിഫ്ബിയിൽ നിന്നുള്ള ഫണ്ടിനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കാൻ നിയോഗിച്ച മുൻ പ്രിൻസിപ്പൽ ഫിനാൻസ് സെക്രട്ടറി സുധാപിള്ള ചെയർപേഴ്സണായി നിയമിച്ച അഞ്ചംഗ സമിതിയുടെ വിലയിരുത്തലിനുശേഷമേ ധനസഹായത്തിന്റെ ഭാവി അറിയാൻ കഴിയൂ.

ഭൂമി സർക്കാരിന് കൈമാറാൻ സന്നദ്ധത അറിയിച്ച 5000 ലേറെ അപേക്ഷകരുണ്ട്. 1200 പേരുടെ ഭൂമി സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു.

നവകിരണം

ആദിവാസി ഇതര കുടുംബങ്ങൾക്ക് സ്വമേധയാ പുനരധിവാസത്തിന് അവസരം നൽകാൻ 2019 നവംബർ 14 ന് ആരംഭിച്ച പദ്ധതി. വനമേഖലയുടെ വിസ്തൃതി കൂട്ടാനും ലക്ഷ്യമിട്ടു.

വന്യജീവി ആക്രമണവും പ്രകൃതി ദുരന്തങ്ങളും കാരണം ബുദ്ധിമുട്ടുന്നവർക്ക് മാറി താമസിക്കാൻ അവസരം കിട്ടും.

ധനസഹായം 15 ലക്ഷം

താമസമില്ലാതെ സ്ഥലം മാത്രമുള്ളവർക്ക് വിസ്തീർണം അനുസരിച്ച് അഞ്ച് ഏക്കർ (2 ഹെക്ടർ) വരെയുള്ള ഭൂമിക്ക് ഒരു യൂണിറ്റായി കണക്കാക്കി 15 ലക്ഷം.
വീടും താമസവുമുള്ള ,പ്രായപൂർത്തി ആവാത്ത മക്കളുള്ള കുടുംബത്തിന് ഒരു യൂണിറ്റിന് 15 ലക്ഷം. പ്രായപൂർത്തിയായ മക്കൾ ഉണ്ടെങ്കിൽ അവർ ഓരോരുത്തരെയും ഓരോ കുടുംബമായി കണ്ട് പ്രത്യേകം യൂണിറ്റുകളായി പരിഗണിക്കും.

ആർ.കെ.ഡി.പി (റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം) പദ്ധതിയിൽ 100 കോടിയും കിഫ്ബി വഴി 120 കോടിയും അനുവദിച്ചിട്ടുണ്ട്. രണ്ടു ഗഡുക്കളായാണ് തുക നൽകുന്നത്. കിഫ്ബിയിൽ നിന്ന് 65 കോടിയാണ് കൊടുത്തത്. വനം, റവന്യൂ വകുപ്പുകൾക്കാണ് നടത്തിപ്പ് ചുമതല.

കാലതാമസം നേരിട്ടാലും പദ്ധതി മുടങ്ങില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. ഓരോ അപേക്ഷകനും രണ്ട് ഗഡുവീതം നൽകിയ ശേഷമേ പുതിയ അപേക്ഷകൾ പരിഗണിക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIIFB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA