
കെ.എസ്.ഇ.ബി ടെൻഡർ ക്ഷണിച്ചു
തിരുവനന്തപുരം: മഴ ചതിച്ചതുമൂലമുള്ള വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ കൂടുതൽ ഹ്രസ്വകാല കരാറുകളിലേക്ക് കെ.എസ്.ഇ.ബി. ഡിസംബർ വരെ പീക്ക് സമയത്തേക്കാണ് വൈദ്യുതി ഉറപ്പാക്കുന്നത്. ഉയർന്ന വില നൽകേണ്ടി വരും. ഇതിന്റെ ഭാരം ഉപഭോക്താക്കൾ താങ്ങണം.
കരാറുകൾക്ക് അനുമതി തേടി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. അപേക്ഷയിൽ 24നാണ് തെളിവെടുപ്പ്. കാലവർഷം ദുർബലമായതിനൊപ്പം കൈമാറ്റ കരാറുകൾ വഴിയുള്ള വൈദ്യുതി തിരിച്ചുനൽകുന്നതുമാണ് പ്രതിസന്ധി കൂട്ടിയത്. ഡാമുകളിലെ ജലനിരപ്പ് പരിതാപകരമായതിനാൽ ഹ്രസ്വകാല കരാറുകൾ കൂടിയേ തീരൂവെന്ന് കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനെ അറിയിച്ചു. വൈദ്യുതി ലഭ്യത കുറഞ്ഞതിനെ തുടർന്ന് ഈ മാസം 30 വരെ 15 - 30 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂലായിൽ 600, ആഗസ്റ്റിൽ 750 മെഗാവാട്ടിന്റെയും തുടർന്ന് ഡിസംബർ വരെ 800- 1000 മെഗാവാട്ടിന്റെയും വൈദ്യുതി കമ്മിക്ക് സാദ്ധ്യതയുണ്ട്.
12.98 രൂപ വരെ യൂണിറ്റിന് വില
ജൂലായിൽ 300 മെഗാവാട്ട്, ഓഗസ്റ്റിലും സെപ്തംബറിലും 400 വീതം, ഒക്ടോബർ - ഡിസംബർ 500 മെഗാവാട്ട് വീതവും വാങ്ങാനാണ് ടെൻഡർ ക്ഷണിച്ചത്
ജൂലായിൽ 150 മെഗാവാട്ടേ കമ്പനികൾ ക്വാട്ട് ചെയ്തിട്ടുള്ളൂ. യൂണിറ്റിന് 10.99 രൂപ. ഓഗസ്റ്റിൽ 185 മെഗാവാട്ട് 9.93 രൂപയ്ക്കും 125 മെഗാ വാട്ട് 9.94 രൂപയ്ക്കും ലഭിക്കും
സെപ്തംബറിൽ കുറഞ്ഞ നിരക്ക് 12.98 രൂപ വരെ. ഈ മാസത്തേക്ക് വീണ്ടും ടെൻഡർ ക്ഷണിക്കും. ഒക്ടോബർ - ഡിസംബർ 500 മെഗാവാട്ട് വീതം യൂണിറ്റിന് 9.7 രൂപയ്ക്ക് ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |