SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

കലഹം മൂത്ത് മുന്നണികൾ; എൽ.ഡി.എഫിൽ വിമതർ, പട്ടികയിൽ തീരുമാനമാകാതെ കോൺഗ്രസ്, ബി.ജെ.പിയിൽ പടലപ്പിണക്കം

ldf-udf-and-bjp

തിരുവനന്തപുരം: എൽ.ഡി.എഫിൽ വിമത ശല്യം, യു.ഡി.എഫിൽ അസംതൃപ്തർ, ബി.ജെ.പിയിൽ പതിവില്ലാത്ത പടലപ്പിണക്കം. ഇന്നലെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്ന രണ്ടാംഘട്ട കോൺഗ്രസ് പട്ടിക മാരത്തോൺ ചർച്ചകളിൽ കുരുങ്ങി രാത്രി വൈകിയും പ്രഖ്യാപിച്ചില്ല. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷിക്കുന്നത് അഞ്ചുദിവസം. വോട്ടെടുപ്പിനുള്ള ദൂരം 21 ദിവസം.

സ്ഥാനാർത്ഥി നിർണയത്തിലെ കുരുക്കഴിക്കാനാവാതെ അവസാന ഘട്ടത്തിലും നട്ടം തിരിയുകയാണ് മൂന്നു മുന്നണികളും. ഒരറ്റം കൂട്ടിമുട്ടിക്കുമ്പോൾ മറ്റേ അറ്റം കൈവിട്ടു പോകുന്നു. കോൺഗ്രസിലെ പ്രശ്നപരിഹാരത്തിന് ഡൽഹിയിൽ ചുറ്റിത്തിരിയുന്ന നേതാക്കൾക്ക് സ്വന്തം മണ്ഡലത്തിലേക്ക് എത്തിനോക്കാൻ പോലുമായിട്ടില്ല.

മുതിർന്ന നേതാക്കളായ കെ.സുധാകരന്റെയും അടൂർ പ്രകാശിന്റെയും കാര്യത്തിൽ തീരുമാനത്തിലെത്താനായാൽ കോൺഗ്രസിന് ആശ്വസിക്കാം. അക്കാര്യത്തിൽ തീരുമാനമാവാതെ എന്തു പട്ടിക പുറത്തുവിട്ടാലും വിപരീത ഫലമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സി.പി.എം വിമതരുടെ പോര് എൽ.ഡി.എഫിനുണ്ടാക്കിയ കോട്ടം ഒട്ടും ചെറുതല്ല. അതിനെ അതിജീവിക്കാൻ തുറുപ്പുതന്ത്രങ്ങൾ മെനയുകയാണ് എൽ.ഡി.എഫ്. ഭിന്നതയുടെ പേരിൽ സ്വന്തം പാർട്ടി വിടുന്ന കൂറുമാറ്റക്കാരെ പോർക്കളത്തിൽ പിന്തുണയ്ക്കാനുള്ള നീക്കത്തിനെതിരെ യു.ഡി.എഫിൽ പരസ്യകലാപവും ശക്തമാണ്. എൽ.ഡി.എഫിലെ അതൃപ്തിക്കാകട്ടെ വിവിധ മാനങ്ങളുണ്ട്. പലേടത്തും എൽ.ഡി.എഫിൽ രോഷം പുകയുകയാണ്.

വിമതശബ്ദത്തിന് പല മുഖം

കോൺഗ്രസിന് ഏറ്റവും അനുകൂല സാഹചര്യമുണ്ടായിട്ടും കുട്ടനാട് സീറ്റ് കേരളാ കോൺഗ്രസിൽ (ജോസഫ്) നിന്ന് ഏറ്റെടുത്ത് മത്സരിക്കാത്തതിൽ പരസ്യ പ്രതിഷേധവുമായി ഇറങ്ങിയിട്ടുള്ളത് ഡി.സി.സി വൈസ് പ്രസിഡന്റ് സജിജോസഫാണ്. ഇന്നലെ മാദ്ധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ അദ്ദേഹം വിമത സ്ഥാനാർത്ഥിയാവാൻ തയ്യാറെടുക്കുകയാണ്. സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ് പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരത്തിനൊരുങ്ങുന്ന പി.കെ.ശശിയുടെ വരവും പ്രതിഷേധത്തിന് വഴിതുറന്നിട്ടുണ്ട്. ശശിയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ ഉടലെടുത്ത പടയൊരുക്കം മറികടന്നാണ് നേതൃത്വം മുന്നോട്ടു പോകുന്നത്. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ പരിഗണിക്കുന്നതിനെതിരെ ഡി.സി.സി നേതൃത്വത്തിൽ തന്നെ എതിർപ്പാണ്. ഇന്ന് ഡി.സി.സി യോഗം ചേർന്ന് വിഷയം ചർച്ചചെയ്തേക്കും.

ബി.ജെ.പിയിലും തർക്കം

ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടാതിരുന്നതാണ് കലഹത്തിന് പ്രധാന കാരണം. കുമ്മനം രാജശേഖരൻ, പി.എസ്.ശ്രീധരൻപിള്ള, എം.ടി.രമേശ്, ബി.ഗോപാലകൃഷ്ണൻ എന്നിവരെയൊന്നും ആദ്യഘട്ടത്തിൽ പരിഗണിച്ചില്ല. ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന റാന്നി മണ്ഡലം ട്വന്റി 20ക്ക് നൽകിയതിൽ ആർ.എസ്.എസ് അമർഷത്തിലാണ്. തൃശൂർ സീറ്റ് ആവശ്യപ്പെട്ട സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന് അനുകൂല നിലപാട് ഉണ്ടാവാത്തതിൽ അദ്ദേഹത്തിന് നീരസമുണ്ട്. ആറന്മുള ബി.ഡി.ജെ.എസിന് നൽകുന്നതിലും ബി.ജെ.പിയിൽ അതൃപ്തിയുണ്ട്.

സി.പി.എം ശ്രമം ഫലം കണ്ടി​ല്ല

എം.കെ.മുനീറിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നൊഴിവാക്കിയതിനു പിന്നാലെ അബ്ദുറഹ്മാൻ രണ്ടാത്താണി ഉയർത്തുന്ന കലാപം മുതലെടുക്കാനാണ് സി.പി.എം ശ്രമം. രണ്ടത്താണിയെപ്പോലുള്ളവർ പുറത്തുവന്നാൽ പിന്തുണയ്ക്കുന്നത് ആലോചിക്കുമെന്നും മലപ്പുറത്ത് എൽ.ഡി.എഫ് എം.എൽ.എമാരുടെ എണ്ണം കൂട്ടാൻ എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞി​രുന്നു. എന്നാൽ ലീഗ് വി​ടി​ല്ലെന്ന തീരുമാനമാണ് രണ്ടത്താണി​യുടേത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA