
തിരുവനന്തപുരം: മലയാള സിനിമയുടെ വരദാനമായ മധുവിന്റെ ആരാധകനാണ് താനെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. മധുവിനെ ആദരിക്കാൻ കെ.പി.സി.സി വിചാർ വിഭാഗ് കണ്ണമ്മൂലയിലെ വസതിയിൽ സംഘടിപ്പിച്ച സ്‌നേഹ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിനയമികവ് കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ മധു മലയാളികൾക്ക് എന്നും വിസ്മയമാണ്. ഭാർഗവീ നിലയമാണ് ആദ്യമായി കണ്ട മധുവിന്റെ സിനിമ. സെന്റ് ജോസഫ് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കണ്ട സിനിമകളിലേറെയും മധുവിന്റേതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച സിനിമയിൽ സദ്ഗുണനാകാതിരിക്കാൻ ശ്രദ്ധിച്ച കാര്യം സരസമായി പറഞ്ഞ് മധുവും ചടങ്ങിനു ഉഷാറേകി. സദ്ഗുണ സമ്പന്നനായ നായകനെന്ന പരിവേഷം തകർത്തതിലൂടെ മികച്ച കഥാപാത്രങ്ങൾ തേടിയെത്തി. രാമു കാര്യാട്ടും വിൻസന്റും തന്റെ സിനിമാ ജീവിതത്തിൽ ശക്തമായി ഇടപെട്ട സംവിധായകരാണ്. ചെമ്മീനിനെത്തുടർന്ന് ശോകമൂക നായകനായി മുദ്രകുത്തപ്പെട്ടു. ബോധപൂർവം താൻ ആ ഇമേജിനെ തകർത്തു. ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം സ്‌കോട്ട് ക്രിസ്ര് ക്രിസ്ത്യൻ കോളേജിലെ അദ്ധ്യാപക ജോലി വലിച്ചെറിഞ്ഞ് നാടകം പഠിക്കാൻ പോയത് അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടായിരുന്നു. എഴുത്തുകാരുമായി ആത്മബന്ധമാണുള്ളത്. തകഴി മകനായാണ് തന്നെ കണക്കാക്കിയത്. എം.ടിയുമൊത്ത് ശബരിമലയിൽ പോകുമായിരുന്നെന്നും മധു പറഞ്ഞു.
മന്ത്രി മധുവിനെ പൊന്നാടയണിയിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശൻ രചിച്ച പുസ്തകവും ഡോ. എസ്.വി.വേണുഗോപൻ നായർ രചിച്ച നാടകവും സ്വദേശാഭിമാനി ബുക്സിന്റെ കവിതാ സമാഹാരവും ഉപഹാരമായി നൽകി. പാലോട് രവി, ജോർജ് ഓണക്കൂർ, ഓമനക്കുട്ടി, കാവാലം ശ്രീകുമാർ, വിനോദ് സെൻ, സിറാജ്, അഡ്വ. വാവറമ്പലം അനസ്, കുമാരപുരം രാജേഷ്, സനൽകുമാർ, രാജേഷ്, മണ്ണാമൂല രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. കാവാലം ശ്രീകുമാറിന്റെ കീർത്തനത്തോടെയാണ് പരിപാടി ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |