
തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന" കേസ് അട്ടിമറിച്ചെന്ന എസ്.ഐ.ടി റിപ്പോർട്ടിന്മേൽ എ.ഡി.ജി.പി എം.ആർ അജിത്കുമാർ ഇതുവരെ ഡി.ജി.പിക്ക് വിശദീകരണം നൽകിയില്ല. കേരളത്തിന് പുറത്ത് സ്വകാര്യ സന്ദർശനത്തിലാണെന്നും തിങ്കളാഴ്ച തിരിച്ചെത്തുമെന്നും അദ്ദേഹം ഡി.ജി.പിയെ അറിയിച്ചു. അജിത്തിന്റെ വിശദീകരണം ലഭിച്ച ശേഷമേ നടപടിക്ക് ശുപാർശ ചെയ്തുകൊണ്ട് ഡി.ജി.പിക്ക് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറാനാവൂ. ആദ്യ അന്വേഷണത്തിലെ കേസ് ഡയറി തിരുത്തിയതടക്കം അജിത്തിന്റെ ഇടപെടലുകൾ ചൂണ്ടിക്കാണിക്കുന്ന തുടരന്വേഷണ റിപ്പോർട്ടാണ് എസ്.ഐ.ടി സമർപ്പിച്ചത്. ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്കാവും ശുപാർശ കൈമാറുക. അദ്ദേഹം ആഭ്യന്തര മന്ത്രിക്ക് കൈമാറും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കൂടിയാലോചിച്ചാണ് നടപടി തീരുമാനിക്കുക. അജിത്തിനെ സസ്പെൻഡ് ചെയ്യാനും ഡി.ജി.പി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം തടയാനുമിടയുണ്ട്. ഈ മാസം അവസാനം ഫയർഫോഴ്സ് മേധാവി നിതിൻഅഗർവാൾ വിരമിക്കുമ്പോൾ അജിത്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കേണ്ടതാണ്. അന്വേഷണമോ കേസോ ഉണ്ടെങ്കിൽ ഇത് ലഭിക്കില്ല. മുൻ മുഖ്യമന്ത്രി നടത്തിയ നവകേരള യാത്രയ്ക്ക് നേരെ ആലപ്പുഴയിൽ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ക്രമസമധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എന്ന നിലയിൽ അജിത് കുമാർ ശ്രമിച്ചെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |