SignIn
Kerala Kaumudi Online
Sunday, 05 July 2026 6.57 PM IST

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു നാളെ പദവി ഒഴിയും

n-vasu

തിരുവനന്തപുരം: കാലാവധി പൂർത്തിയാകുന്നതോടെ തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ. വാസു നാളെ പദവി ഒഴിയും. 2019ലാണ് ചുമതലയേറ്റത്. കൊവിഡ് പ്രതിസന്ധിയിലും വലിയ കോട്ടംവരാതെ ബോർഡിനെ മുന്നോട്ട് നയിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യത്തോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.

വിവാദങ്ങളിൽപ്പെടാതെ വികസനങ്ങളിൽ ശ്രദ്ധയൂന്നിയായിരുന്നു പ്രവർത്തനം. കൊട്ടാരക്കര പൂവത്തൂർ സ്വദേശിയാണ്. രണ്ടുതവണ ദേവസ്വം കമ്മിഷണറായിരുന്നു. കൊട്ടാരക്കര, കൊല്ലം കോടതികളിൽ അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. വിജിലൻസ് ട്രൈബ്യൂണലിൽ ജഡ്ജിയായിരുന്നു. 1979ലും 1988ലും കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. പി.കെ.ഗുരുദാസൻ തൊഴിൽ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വാസു കേരളകൗമുദിയുമായി സംസാരിക്കുന്നു:

പ്രസിഡന്റ് കാലാവധി രണ്ടുവർഷമാക്കിയത് ശരിയോ?

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി രണ്ടുവർഷമായി ചുരുക്കിയതിനാൽ ഫലപ്രദമായി ഒന്നുംചെയ്യാൻ സാധിക്കില്ല, ഇൗ കാലയളവിൽ ഒരു പദ്ധതി ആരംഭിച്ചാൽപോലും അത് പൂർത്തിയാക്കാനാവില്ല. അത് വലിയൊരു അപാകതയാണ്. വികസന പ്രവർത്തനങ്ങൾ ഉദ്ദേശിച്ച നിലയിൽ നടത്താനായില്ല. സാമ്പത്തിക ഞെരുക്കവും വല്ലാതെ ബാധിച്ചു.

കൊവിഡ് കാലത്ത് ബോർഡിനുണ്ടായ നഷ്ടം?

700 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എങ്കിലും ബോർഡിനെ തകരാതെ പിടിച്ചുനിറുത്താനായത് നേട്ടമാണ്. സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ വലിയൊരാശ്വാസമായത് സർക്കാർ നൽകിയ പണമായിരുന്നു.

തർക്കങ്ങൾ വികസനത്തിന് തടസമായോ?

വനംവകുപ്പുമായി ഉടലെടുത്ത തർക്കങ്ങൾ ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി. മന്ത്രി തലത്തിൽ ചർച്ചകൾ നടത്തി ധാരണയിലെത്തിയിരുന്നു. ഇപ്പോൾ അത് കോടതിയുടെ പരിഗണനയിലാണ്.

ക്ഷേത്രങ്ങളിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച്?

ധാരാളം ക്രമക്കേടുകളുണ്ട്. അതിൽ ഉദ്യോഗസ്ഥരുടെ പങ്കും വലുതാണ്. പരിശോധനങ്ങൾ നടത്തി കൂടുതൽ കേസുകൾ പിടികൂടുന്നുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ സംഘടനകൾക്കുള്ള എതിർപ്പുകൾ കാര്യമാക്കാറില്ല.

വഴിപാട് നിരക്കുകൾ വർദ്ധിക്കുമോ?

വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി അംഗീകരിച്ചാൽ പ്രാബല്യത്തിൽവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: N VASU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA