കൊച്ചി: എഐ സമ്മിറ്റിൽ പങ്കെടുക്കുന്നതിനിടെ 'കേരള' എന്ന് ഇംഗ്ലീഷിൽ എഴുതിയപ്പോൾ അക്ഷര തെറ്റുവരുത്തിയ സംഭവത്തിൽ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. കളമശേരി കിൻഫ്ര പാർക്കിൽ നടന്ന പരിപാടിയിൽ ആശംസകൾ എഴുതുന്ന ബോർഡിൽ കുറിക്കുന്നതിനിടയിലായിരുന്നു മന്ത്രിക്ക് അക്ഷരപ്പിശക് സംഭവിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്ക് വഴിവച്ചിരുന്നു. എഴുതുന്നതിനിടയിൽ ചുറ്റും കൂടി നിന്ന ആളുകൾ ഒരുമിച്ച് സംസാരിച്ചപ്പോഴാണ് തെറ്റ് സംഭവിച്ചതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഉൾക്കൊള്ളുന്നുവെന്നും ശ്രദ്ധ പുലർത്തുമെന്നും അദ്ദേഹം കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
'കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പരിപാടിയിൽ ആശംസകൾ കുറിക്കുന്നതിനിടയിൽ എനിക്ക് പറ്റിയ ഒരു ചെറിയ അക്ഷരപ്പിശക് വച്ചുള്ള ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. നിങ്ങളുടെ ട്രോളുകളെല്ലാം ഞാൻ കണ്ടു. എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണത്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണാർത്ഥത്തിൽ ഉൾക്കൊള്ളുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യും.
ജനങ്ങളുടെ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേൾക്കുകയും, തെറ്റുകൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യും. ജനങ്ങൾക്ക് എപ്പോഴും വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള പൂർണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അത് ഉൾക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് യുഡിഎഫിന്റെയും ഈ സർക്കാരിന്റെയും എന്റെയും നയം. ഈ സ്‌നേഹത്തിനും തിരുത്തലുകൾക്കും എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |