SignIn
Kerala Kaumudi Online
Sunday, 31 May 2026 7.04 AM IST

നിതിൻരാജിന്റെ മരണം : സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

READ ENGLISH VERSION
nitinraj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ആദ്യവർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തെക്കുറിച്ച് കുടുംബം ഉയർത്തുന്ന ഗുരുതര ആരോപണങ്ങൾ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഇതുസംബന്ധിച്ച് കണ്ണൂർ സിറ്റി പൊലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്.

നിതിൻരാജിന്റെ മരണത്തിന് കാരണം കോളേജിലെ അദ്ധ്യാപകൻ ജാതി പറഞ്ഞും മറ്റും അപമാനിച്ചതിനാലാണെന്ന് പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

നിതിന്‍രാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. 'വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ജാതി- വര്‍ണ്ണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലപാടിനെ സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കണം. ഈ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ രാജന്റെയും ലതയുടെയും മകനാണ് നിതിൻ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അദ്ധ്യാപികയാണ് നിതിന് അപകടം പറ്റിയെന്ന് അമ്മ ലതയെ വിളിച്ചറിയിച്ചത്. പരിയാരം ഗവ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം കോളേജിൽ പൊതുദർശനത്തിന് വച്ചു. ഇന്ന് രാവിലെ മൃതദേഹം തിരുവനന്തപുരം ഉഴമലക്കൽ കൊറ്റാമലയിലെ വീട്ടിലെത്തിച്ചു.

നിതിന്റെ മരണത്തിൽ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ.റാമിനെയും അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീതയെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വകുപ്പ് മേധാവി നിതിനെ പുഴുത്ത പട്ടിയെന്ന് വിളിച്ചെന്നും നിറത്തിന്റെ പേരിലും അധിക്ഷേപിച്ചെന്നും കുടുംബം ഇന്നലെ ആരോപിച്ചിരുന്നു. പിന്നാലെയാണ് കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ്മണി നടപടിയെടുത്തത്. സംഭവം അന്വേഷിക്കാൻ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NITINRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA