
വെബ്‌സൈറ്റ് പണിമുടക്കിയിട്ട് ഒരാഴ്ച
അപേക്ഷിക്കേണ്ട അവസാന തീയതി നാളെ
തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട രണ്ടരലക്ഷത്തോളം സ്‌കൂൾ കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം പ്രതിസന്ധിയിൽ. വെബ്‌സൈറ്റിലെ സാങ്കേതിക തകരാർ കാരണം ഒരാഴ്ചയായി അദ്ധ്യാപകർക്ക് വിശദാംശങ്ങൾ നൽകാൻ കഴിയുന്നില്ല. വിദ്യാഭ്യാസ സഹായത്തിന് അപേക്ഷിക്കേണ്ട സമയപരിധി നാളെ അവസാനിക്കും.
പിന്നാക്ക വിഭാഗങ്ങളായ ഒ.ഇ.സി, ഒ.ബി.സി-എച്ച് വിഭാഗത്തിൽപ്പെട്ട ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നത്. ഇ ഗ്രാന്റ്സ് 3.0 സിംഗിൾ വിൻഡോ സ്‌കോളർഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. രക്ഷിതാക്കൾ നൽകുന്ന സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി സമുദായം, കുടുംബത്തിന്റെ വാർഷിക വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ പ്രഥമ അദ്ധ്യാപകരാണ് പോർട്ടലിൽ വാലിഡേറ്റ് ചെയ്യേണ്ടത്. സർട്ടിഫിക്കറ്റിലുള്ള നമ്പർ, സെക്യൂരിറ്റി കോഡ് എന്നിവ ഇതിനായി നൽകണം. ഇപ്പോൾ ഇതു നൽകുമ്പോൾ ഇൻവാലിഡ് എന്ന സന്ദേശമാണ് വരുന്നത്. പ്രശ്നം ഉടനേ പരിഹരിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്‌കോളർഷിപ്പ് നഷ്ടപ്പെടാൻ ഇടയാകും.
സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾ സ്‌കോളർഷിപ്പിന് അർഹരാണ്. എൽ.പി ക്ലാസുകളിൽ 750 രൂപയും യു.പി ക്ലാസുകളിൽ 900 രൂപയും ഹൈസ്‌കൂളിൽ 1000 രൂപയുമാണ് സ്‌കോളർഷിപ്പ്. അൺ എയ്ഡഡ് സ്‌കൂളുകളിൽ എൽ.പി, യു.പി വിഭാഗത്തിൽ 1333 രൂപയും ഹൈസ്‌കൂൾ തലത്തിൽ 2000 രൂപയുമാണ് സഹായം. ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവരുടെ രക്ഷിതാക്കൾക്ക് വാർഷിക വരുമാന പരിധി ബാധകമല്ല. ഒ.ബി.സി-ഹിന്ദു വിഭാഗത്തിന് 6 ലക്ഷം രൂപയാണ് വാർഷിക പരിധി. ഒ.ഇ.സി വിഭാഗത്തിലെ 7 സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കും ഒ.ബി.സി-എച്ചിലെ 30 സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കുമാണ് സ്‌കോളർഷിപ്പിന് അർഹതയുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |