
തിരുവനന്തപുരം: പെരുമഴയിൽ ദുരിതം രൂക്ഷമായി തുടരുകയാണ്. ഇന്നലെ ആറുപേർ കൂടി മരിച്ചു. കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ് (45), കോഴിക്കോട്, കാപ്പാട് വെള്ളക്കെട്ടിൽ വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച രണ്ടുവയസുകാരൻ മാസിൻ, തിരുവനന്തപുരം വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായ മത്സ്യത്തൊഴിലാളികളായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൻ (26), അടിമലത്തുറ സ്വദേശി ആന്റണി (60), പാലക്കാട്, പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണുമരിച്ച കോയമ്പത്തൂർ സ്വദേശി ഭാനുപ്രിയ (40), ക്ഷേത്ര കുളത്തിൽ മരിച്ച ബിരുദ വിദ്യാർത്ഥിയായ മഞ്ചേരി, കരിക്കാട് സ്വദേശി ശ്രീഹരി (19) എന്നിവരാണിവർ. ഇതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി. 13 പേർ ചികിത്സയിലുണ്ട്.
കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ മൂന്നുപേർക്കായി തെരച്ചിൽ തുടരുകയാണ്. ആകെ ആറു പേരെ കാണാനില്ലെന്നാണ് സർക്കാറിന്റെ കണക്ക്. മഴക്കെടുതിയിലും മരങ്ങൾ കടപുഴകി വീണും ഇന്നലെ വൈകിട്ട് വരെ 323 വീടുകൾ തകർന്നു. 30 വീടുകൾ പൂർണമായും 293 എണ്ണം ഭാഗികമായും തകർന്നു. 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7674 പേരുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തുമാണ് കൂടുതൽ പേർ ക്യാമ്പുകളിൽ തങ്ങുന്നത്. പല ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.
ഈരാറ്റുപേട്ടയിൽ പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി. കുട്ടനാടും അപ്പർകുട്ടനാടും വെള്ളത്തിൽ മുങ്ങി. റാന്നിയിൽ വെള്ളം ഇറങ്ങിയിട്ടുണ്ട്. ആറന്മുളയിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലാണ്. കോട്ടയം നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും ഇല്ലിക്കൽ, തിരുവാർപ്പ്, കുമരകം മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഭൂരിഭാഗം വീടുകളിലും, കടകളിലും വെള്ളംകയറി. അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. കടലോര മേഖലയിൽ നിരവധി വീടുകളാണ് തകർന്നത്. മിക്കയിടത്തും തീരം കടലെടുത്തു.
എല്ലാ ജില്ലകളിലുംയെല്ലോ അലർട്ടാണ്
എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം ഒഴിവാക്കണം. പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെയും ചെങ്ങന്നൂർ, കുട്ടനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷ മാറ്റി. സംസ്ഥാന സഹകരണ യൂണിയനാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മിന്നൽ പ്രളയം തകർത്തത്
തങ്കമണിയുടെ ജീവിതമാർഗം
ടി.എസ് സനൽകുമാർ
പത്തനംതിട്ട: കഴിഞ്ഞ ദിവസത്തെ മിന്നൽ പ്രളയം തകർത്തത് വിധവയായ തങ്കമണി പൊന്നമ്മാളിന്റെ ജീവിതമാർഗം. റാന്നി ഇട്ടിയപ്പാറയിലെ ഭാവനാ സിൽക്സ് എന്ന തുണിക്കടയിലെ മുഴുവൻ തുണികളും പ്രളയജലത്തിൽ മുങ്ങി. 35 ലക്ഷം രൂപയുടെ നഷ്ടം. ഓണവിപണി ലക്ഷ്യമിട്ട് വാങ്ങി വച്ചിരുന്നവയടക്കം നശിച്ചു. നാലര അടി ഉയരത്തിൽ കടയിൽ വെള്ളം പൊങ്ങി.
ഭർത്താവ് രാമചന്ദ്രൻ 1992ൽ ആരംഭിച്ച തുണിക്കട 2018ലെ മഹാപ്രളയത്തിലും മുങ്ങിയിരുന്നു. അന്ന് സർക്കാർ സഹായിച്ചില്ല. കടംവാങ്ങിയും ലോണെടുത്തുമാണ് കട പഴയരൂപത്തിലാക്കിയത്. രണ്ടുകൊല്ലം മുമ്പ് ഭർത്താവ് മരിച്ചു. തുടർന്ന് കട തങ്കമണിയാണ് നോക്കി നടത്തുന്നത്. മൂന്ന് പെൺമക്കളുണ്ട്.
കടയിൽ നിന്ന് നാലുകിലോമീറ്റർ അകലെയാണ് തങ്കമണി താമസിക്കുന്നത്. ശനിയാഴ്ച പുലർച്ചെ നാലോടെയാണ് റാന്നി നഗരത്തിൽ ജലനിരപ്പ് ഉയരുന്ന കാര്യം അറിഞ്ഞത്. ഉടൻ അയൽവാസിയുടെ വാഹനത്തിൽ അവിടേക്ക് തിരിച്ചു. റോഡിൽ വെള്ളം നിറഞ്ഞതോടെ വാഹനം ഉപേക്ഷിച്ച് നടന്ന് എത്തിയപ്പോഴേക്കും കടയിൽ പ്രളയജലം നിറഞ്ഞിരുന്നു. സർക്കാർ ധനസഹായം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന സ്ഥിതിയാണെന്ന് തങ്കമണിയും കുടുംബവും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |