SignIn
Kerala Kaumudi Online
Saturday, 19 September 2026 7.59 AM IST

ബിരുദ പരീക്ഷാ ഹാളിൽ പുസ്തകം പരിശോധിക്കാം

exam

തിരുവനന്തപുരം:ഡിഗ്രി കോഴ്സുകളിലെ പ്രധാന സെമസ്റ്റർ പരീക്ഷകളിൽ പരീക്ഷാഹാളിൽ പാഠപുസ്തകങ്ങൾ തുറന്ന് പരിശോധിക്കാൻ അനുവദിക്കുന്ന ഓപ്പൺ ബുക്ക് പരീക്ഷാ രീതി സംസ്ഥാനത്തെ സർവകലാശാലകളിൽ

അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കും.രണ്ടു മണിക്കൂറാവും പരീക്ഷാ സമയം,പരീക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ കരട്ചട്ടം സർക്കാർ അംഗീകരിച്ച് വാഴ്സിറ്റികൾക്ക് കൈമാറി. കേരള,എം.ജി,കാലിക്കറ്റ്,കണ്ണൂർ വാഴ്സിറ്റികളുടെ അക്കാഡമിക് കൗൺസിലുകൾ അടുത്ത മാസം ഇതംഗീകരിക്കുന്നതോടെ നിയമഭേദഗതി പ്രാബല്യത്തിലാവും.

അറിവിനേക്കാൾ കുട്ടികളുടെ ഓർമ്മശക്തി പരിശോധിക്കുന്ന പരമ്പരാഗത പരീക്ഷാ രീതികളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായുള്ള പരിഷ്കാരം പരീക്ഷയ്ക്കിടെ പുസ്തകം റഫർ ചെയ്ത് ചിന്തിച്ച് ഉത്തരം കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കും. പഠിച്ച കാര്യങ്ങൾ വിശകലനം ചെയ്ത് ഉത്തരം എഴുതേണ്ട തരത്തിലാവും ചോദ്യങ്ങൾ. പാഠഭാഗങ്ങൾ മനഃപാഠമാക്കി ഉത്തരമെഴുതുന്ന സമ്പ്രദായം മാറും. പരീക്ഷാ പരിഷ്കരണത്തിനുള്ള ഡോ.സി.ടി.അരവിന്ദകുമാർ സമിതി ഓപ്പൺബുക്ക് പരീക്ഷ ശുപാർശ ചെയ്തിരുന്നു. ഓരോ പേപ്പറിന്റെയും സ്വഭാവത്തിനുമനുസരിച്ചാവും പരീക്ഷാരീതി അദ്ധ്യാപകരും കോഴ്സ് കോ-ഓർഡിനേറ്ററും ചേർന്ന് തീരുമാനിക്കുക. ഓപ്പൺബുക്ക് രീതിക്ക് പുറമേ ,ലബോറട്ടറി റിപ്പോർട്ട്,പ്രശ്നാധിഷ്‌ഠിത അസൈൻമെന്റുകൾ,വ്യക്തിഗത പ്രോജക്ട് റിപ്പോർട്ട്,കേസ് സ്റ്റഡി റിപ്പോർട്ട്,ടീം പ്രോജക്ട് റിപ്പോർട്ട്,ലിറ്ററേച്ചർ സർവേ,സ്റ്റാന്റഡേസൈഡ് ടെസ്റ്റുകൾ എന്നിവയുമുണ്ടാവും.

പുസ്തകം

പകർത്തലല്ല

പുസ്തകമോ ഗൈഡോ നോക്കി കോപ്പിയടിക്കുന്നതല്ല ഓപ്പൺ ബുക്ക് പരീക്ഷ. അപഗ്രഥനശേഷിയാവും വിലയിരുത്തുക. ബുദ്ധിയും വിശകലന ശേഷിയുമുപയോഗിച്ച് ഉത്തരമെഴുതേണ്ട ചോദ്യങ്ങളായിരിക്കും.

പുസ്തകത്തിലുള്ളത് അതേപടി എഴുതാവുന്ന തരം ചോദ്യങ്ങളുണ്ടാവില്ല.

ചോദ്യം കൃത്യമായി മനസിലാക്കുകയാണ് പ്രധാനം. നന്നായി പഠിക്കുന്നവർക്കേ ഇതു കണ്ടെത്താനാവൂ. പുസ്തകം റഫറൻസിന് മാത്രമാണ്.

പഠന വിഷയം ആഴത്തിൽ മനസിലാക്കാൻ ഇതുപകരിക്കും.

പി.എസ്.സിയിലും

ഓപ്പൺ ബുക്ക്

സർക്കാരുദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനുള്ള വകുപ്പുതല പരീക്ഷയിലെ കോൺസ്റ്റിറ്റ്യൂഷൻ ലോവർ,ഹയർ പേപ്പറുകളിൽ ഓപ്പൺ ബുക്ക് പരീക്ഷയാണ്.

സാങ്കേതിക വാഴ്സിറ്റിയുടെ എൻജിനിയറിംഗ് കോഴ്സുകളിൽ കോളേജ് തലത്തിലെ ഇന്റേണൽ വിലയിരുത്തലുകൾക്ക് ഓപ്പൺബുക്ക് പരീക്ഷയാണ്.

ലോകത്ത് മിക്ക വാഴ്സിറ്റികളിലും ഓപ്പൺ ബുക്ക് പരീക്ഷയുണ്ട്. രാജ്യത്ത് ഡൽഹി,പോണ്ടിച്ചേരി,ജാമിയാ മിലിയ, ബനാറസ്,ഗോഹട്ടി,അണ്ണാ വാഴ്സിറ്റികളും നാഷണൽ ലാ സ്കൂളിലുമുണ്ട്.

.''ലോകത്തെ ഏറ്റവും സ്വീകാര്യമായ പരീക്ഷാരീതിയാണിത്.''

-ഡോ.ആർ.ബിന്ദു

മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPEN EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA