
കോഴിക്കോട്: പ്രതിപക്ഷ നേതാവിന്റെ ഹാംഗ് ഓവറിൽ നിന്ന് മുഖ്യമന്ത്രി മോചിതനായിട്ടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ പി.രാജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് യോജിച്ചരീതിയിൽ കാര്യങ്ങൾ പഠിച്ചല്ല പറയുന്നത്. എന്ത്, എപ്പോൾ പറയണമെന്ന് അറിയണം. കപ്പൽ നിർമ്മാണശാല സ്ഥാപിക്കാൻ ടാറ്റ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന പ്രഖ്യാപനം തിരുത്തേണ്ടി വന്നത് ഉദാഹരണമാണ്.
വഖഫ് വിഷയത്തിൽ യു.ഡി.എഫ് സ്വീകരിച്ച നിലപാടുകൾ മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണ്. പ്രായോഗിക തലത്തിൽ യു.ഡി.എഫ് ഒരു ബി.ജെ.പി സർക്കാരായി മാറി. വഖഫ് വിഷയത്തിൽ ഹൈക്കോടതി സ്വീകരിച്ച നിലപാടിനെതിരെ കേരളം സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ, അമുസ്ലിം വിഭാഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്. ഇത് മൗലികാവകാശങ്ങൾക്ക് എതിരാണെന്ന് കേരളം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, സെക്ഷൻ 14നെ പൂർണമായും അംഗീകരിക്കുന്ന നിലപാടാണ് യു.ഡി.എഫ്. സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. വഖഫ് ബോർഡിൽ സ്ഥാനം കിട്ടാൻ ലീഗും മുസ്ലീം താത്പര്യങ്ങളെ ബലികഴിച്ചു. വഖഫിൽ കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാടെടുക്കുന്ന യു.ഡി.എഫിന് അവരുമായി ഡീലുണ്ട്. പി.എം ശ്രീ പദ്ധതി ഒപ്പിട്ടപ്പോൾ ഇടതുസർക്കാരിനെതിരെ യു.ഡി.എഫ് ഡീൽ ആരോപിച്ചിരുന്നു. ഒപ്പിട്ടെങ്കിലും ഇടതുസർക്കാർ അതുമായി മുന്നോട്ടുപോയില്ല. യു.ഡി.എഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുമായി ബന്ധപ്പെട്ട് വിമാനം ചാർട്ട് ചെയ്തത് ആരാണെന്ന് വ്യക്തമാക്കണമെന്നും രാജീവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |