
തിരുവനന്തപുരം: കൊച്ചിയിലെ സി.എം.ആർ.എല്ലിൽ നിന്ന് 3.28കോടി കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവിക്ക് ഇ.ഡി നൽകിയ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലും തെളിവുകളുമാണുള്ളത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് വേണ്ടിയാവാം വീണ പണം കൈപ്പറ്റിയതെന്ന അനുമാനമാണ് ഇ.ഡിയുടെ റിപ്പോർട്ടിലുള്ളതെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. സി.എം.ആർ.എല്ലിലെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ മൊഴിയാണ് പിണറായിക്ക് എതിര്. എന്നാൽ, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത, തനിക്ക് ഇതേക്കുറിച്ച് അധികവിവരം അറിയില്ലെന്ന മൊഴിയാണ് നൽകിയതെന്നാണ് റിപ്പോർട്ടിലുള്ളതത്രെ. അതിനാൽ അഴിമതി നിരോധന നിയമം നിലനിൽക്കുമോയെന്നാണ് പ്രധാനമായും എ.ജിയോട് ആഭ്യന്തര സെക്രട്ടറി മിൻഹാജ് അലം ഉപദേശം തേടിയത്. പിണറായിയും മുഹമ്മദ് റിയാസും ജനപ്രതിനിധികളായതിനാൽ അന്വേഷണത്തിനും കേസിനും വിജിലൻസിന് സർക്കാരിന്റെ അനുമതി വേണം. വിജിലൻസ് കേസിനു മുമ്പ് പ്രാഥമികാന്വേഷണം നിർബന്ധമാണ്. എന്നാൽ, തെളിവുകൾ സഹിതമുള്ള ഇ.ഡി റിപ്പോർട്ടുള്ളതിനാൽ ഇത് ആവശ്യമുണ്ടോയെന്നും എ.ജിയോട് ആരാഞ്ഞിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമത്തിലെ 66(2) വകുപ്പ് പ്രകാരമുള്ളതാണ് ഇ.ഡിയുടെ റിപ്പോർട്ട്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തുന്ന വിവരങ്ങളിൽ മറ്റ് നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വിവരം ബന്ധപ്പെട്ട അന്വേഷണ ഏജൻസിക്ക് കൈമാറാൻ ഇ.ഡിയെ അധികാരപ്പെടുത്തുന്നതാണ് ഈ വകുപ്പ്.
മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ടു
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചൊവ്വാഴ്ച രാത്രി മുക്കാൽ മണിക്കൂറോളം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയെ കണ്ടു. ഇന്നലെ വെല്ലൂരിലായിരുന്നു ആഭ്യന്തരമന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |