
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരള പൊലീസിന് കൈമാറിയ വിവരങ്ങൾ കേസെടുക്കാൻ മാത്രം പര്യാപ്തമല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. സി.എം.ആർ.എല്ലിന് നിയമ വിരുദ്ധമായി എന്തു കാര്യമാണ് ചെയ്തു കൊടുത്തതെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ല. ആരാണ് അനുകൂല്യം ആവശ്യപ്പെട്ടത്, പണമിടപാട് നടന്നോ തുടങ്ങിയവയെക്കുറിച്ചും മൗനമാണ്.
അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാനാവില്ല. പ്രോസിക്യൂഷൻ അനുമതി നേടിയിട്ടുമില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. പിണറായി, മകൾ ടി.വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിജിലൻസ് കേസെടുക്കാൻ നിർദ്ദേശിച്ചതെന്ന് പിണറായിയുടെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ അറിയിച്ചു. ഇവരുടെ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് തള്ളി. ഈ സാഹചര്യത്തിൽ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
ഹൈക്കോടതിയിലെ ഹർജിക്കാരൻ കെ.എം. ഷാജഹാൻ, സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, ഇ.ഡി കൊച്ചി യൂണിറ്റ് എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ.
ഇ.ഡിയും കക്ഷിയാകും
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ പിണറായി നൽകിയ ഹർജിയിലും ഇ.ഡി കക്ഷിയാകും. ഹൈക്കോടതിയിൽ കക്ഷിയായതിനാൽ ഡൽഹി ആസ്ഥാനത്തെ മുതിർന്ന അഭിഭാഷകർ ഹാജരാകുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |