
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടുകളും ഭരണ പരാജയവും ചൂണ്ടിക്കാട്ടി സംസ്ഥാന മാരിടൈം ബോർഡ് പിരിച്ചുവിട്ട് സർക്കാർ വിജ്ഞാപനമിറക്കി. 13അംഗ ബോർഡിൽ ചെയർമാനടക്കം 5 അംഗങ്ങളെ കഴിഞ്ഞ സർക്കാർ നിയമിച്ചതാണ്. വൈസ്ചെയർമാൻ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ധനം, തുറമുഖം, നിയമ സെക്രട്ടറിമാരും വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ, നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും ഉദ്യോഗസ്ഥർ അടക്കം ഏഴുപേർ എക്സ് ഒഫിഷ്യോ അംഗങ്ങളാണ്. കെ.എസ്.ഇ.ബി ചെയർമാനായിരുന്ന ഡോ. എൻ.എസ്. പിള്ളയായിരുന്നു ബോർഡ് ചെയർമാൻ. മുൻ എം.എൽ.എ എം. പ്രകാശൻ മാസ്റ്റർ, യുവജന കമ്മിഷനംഗമായിരുന്ന സുനിൽ ഹരീന്ദ്രൻ, കൊല്ലത്തെ സി.പി.എം നേതാവ് ബേസിൽ ലാൽ, ഐ.എൻ.എൽ പ്രതിനിധി വെമ്പായം നസീർ എന്നിവരായിരുന്നു കഴിഞ്ഞ സർക്കാർ നാമനിർദ്ദേശം ചെയ്ത അംഗങ്ങൾ. ചെയർമാന് 2028വരെ കാലാവധിയുണ്ടായിരുന്നു.
ബോർഡ് ചുമതലകൾ നിർവഹിക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തി. 2023 മുതൽ 2025വരെയുള്ള വാർഷിക ഭരണ റിപ്പോർട്ടുകൾ സർക്കാരിന് കൈമാറിയില്ലെന്നും തുറമുഖ സെക്രട്ടറി ഡോ.രത്തൻ കേൽക്കർ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു. ആക്ടിലെ 88-ാം വകുപ്പനുസരിച്ച് റിപ്പോർട്ടുകൾ നിയമസഭയിൽ വയ്ക്കാനുള്ള സർക്കാരിന്റെ നിയമപരമായ ഉത്തരവാദിത്വം നിറവേറാൻ തടസം സൃഷ്ടിച്ചു. സി.എ.ജി റിപ്പോർട്ടിൽ തുറമുഖങ്ങളുമായി ബന്ധപ്പെട്ട ഗ്രാന്റിൽ റവന്യൂ കുടിശിക, ബഡ്ജറ്റ് വിനിയോഗത്തിലെ വീഴ്ചകൾ, പദ്ധതികളിലെ കുറഞ്ഞ വിനിയോഗം, ബഡ്ജറ്റ് വിഹിതമില്ലാത്ത ചെലവുകൾ, ഫണ്ടുകളുടെ അനാവശ്യ വിനിയോഗം എന്നിങ്ങനെ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി.
ബോർഡിന്റെ അധികാര പരിധിയിലുള്ള 17 ചെറുകിട തുറമുഖങ്ങളിൽ പതിമ്മൂന്നിലും അടിസ്ഥാന സൗകര്യങ്ങളോ കാര്യമായ പ്രവർത്തനമോ ഇല്ല. ഈ തുറമുഖങ്ങളെ 'പ്രവർത്തന ക്ഷമമല്ലാത്തവ' ആയി പ്രഖ്യാപിക്കാൻ ബോർഡ് സർക്കാരിനോട് അഭ്യർത്ഥിച്ചു.
മാരിടൈം ബോർഡ് ആക്ടിലെ 3, 23 വകുപ്പുകൾ പ്രകാരം തുറമുഖങ്ങളുടെ ഭരണം, നിയന്ത്രണം, നടത്തിപ്പ് എന്നിവയിൽ ബോർഡ് പരാജയപ്പെട്ടു. മാരിടൈം ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് പ്ലാൻ, തുറമുഖ സേവനങ്ങളുടെ സംയോജനം എന്നിവയുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങളും പാലിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |