
തിരുവനന്തപുരം:ചൂട് കൂടുന്നതിനൊപ്പം ജനജീവിതം ദുസ്സഹമാക്കി വൈദ്യുതി കട്ടും തുടരുന്നു. കേരളത്തിന് പുറത്തുനിന്ന് കുറഞ്ഞ അളവിൽ അധികവൈദ്യുതി കിട്ടിത്തുടങ്ങിയെങ്കിലും പ്രതിസന്ധി മറികടക്കാവുന്ന നിലയിലെത്തിയില്ല.
കെ.എസ്.ഇ.ബി ഡയറക്ടർമാരുടെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉത്പാദകരുമായി കൂടിക്കാഴ്ചകൾ നടക്കുന്നുണ്ട്. യു.പി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തി. യു.പിയിൽ നിന്ന് 200 മെഗാവാട്ട്, പീക്ക് സമയത്ത് ലഭ്യമാക്കിയിട്ടുണ്ട്. ന്യൂക്ലിയർ പവർ കോർപ്പറേഷനുമായി ബന്ധപ്പെട്ട ചർച്ചകൾ കെ.എസ്.ഇ.ബി സി.എം.ഡി എം.ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.
ഇന്നലെയും സംസ്ഥാനവ്യാപകമായി വൈദ്യുതി മുടങ്ങി. വൈകിട്ട് 6.15 മുതൽ 12.45 വരെയായിരുന്നു നിയന്ത്രണം. മുൻ ദിവസങ്ങളെ അപേക്ഷിച്ച് 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവാണുണ്ടായത്.
ഇടപെടൽ ആവശ്യപ്പെട്ട് എൻജിനീയർമാർ
വൈദ്യുതിപ്രതിസന്ധിയിൽ സർക്കാർ ഇടപെടൽ തേടി മന്ത്രി സണ്ണി ജോസഫിന് കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻറെ കത്ത്. ഇടുക്കിയിലെ ജനറേറ്റിംഗ് മെഷിനുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുക, ലോവർ പെരിയാർ ഉൾപ്പെടെയുള്ള ജലവൈദ്യുതനിലയങ്ങളുടെ പൂർണശേഷി ഉപയോഗപ്പെടുത്തുക, കോഴിക്കോട്, ബ്രഹ്‌മപുരം ഡീസൽ നിലയങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തി പീക്ക് സമയത്ത് ഉപയോഗിക്കുക, കായംകുളം നിലയത്തിൽ നിന്ന് ലാഭകരമായ സമയങ്ങളിൽ വൈദ്യുതി ഷെഡ്യൂൾ ചെയ്യുക, തിരഞ്ഞെടുത്ത സബ് സ്‌റ്റേഷനുകളിൽ ഒരു മെഗാവാട്ടിന്റെ ബെസ് യൂണിറ്റുകൾ സ്ഥാപിക്കുക, പമ്പ്ഡ് സ്‌റ്റോറേജുകൾ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |