
തിരുവനന്തപുരം: പി.എസ്.സി നിയമനത്തട്ടിപ്പിന്റെ ഡിജിറ്റൽ തെളിവുകൾ തേടി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. സൈബർ പൊലീസ്, ഐ.ടി വിദഗ്ദ്ധർ എന്നിവരുൾപ്പെട്ട സംഘം തുടർച്ചയായ മൂന്നാം ദിവസവും പി.എസ്.സി ആസ്ഥാനത്ത് പരിശോധന നടത്തി.
പരീക്ഷയ്ക്കും നിയമനത്തിനുമുള്ള ആഭ്യന്തര സോഫ്‌റ്റ്‌വെയറിലെ ലോഗുകളാണ് ശേഖരിച്ചത്. ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനം, ടാബുലേഷൻ സോഫ്‌റ്റ്‌വെയർ എന്നിവയും പരിശോധിച്ചു. ഇതിൽ പി.എസ്.സി മാന്വലിന് വിരുദ്ധമായ നടപടികളുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ പി.എസ്.സി കൈമാറിയിട്ടുണ്ട്. കേസെടുക്കുന്നതിൽ ബുധനാഴ്ചയോടെ തീരുമാനമുണ്ടാവും.
ഓൺസ്ക്രീൻ മൂല്യനിർണയം സംബന്ധിച്ച ഫയലുകൾ, മാർക്കിട്ടതിന്റെയും ടാബുലേഷൻ നടത്തിയതിന്റെയും വിവരങ്ങൾ, അഭിമുഖത്തിന് വിളിച്ചവരുടെ പട്ടിക, നൽകിയ മാർക്ക് എന്നിവയാണ് പി.എസ്.സി ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇരുപതോളം പരാതികളാണ് എസ്.ഐ.ടിക്ക് ലഭിച്ചിട്ടുള്ളത്. കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് അടുത്ത ദിവസങ്ങളിൽ കത്ത് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |