
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴയുടെ ശക്തി കുറയും. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് മാത്രമാണ് സാദ്ധ്യത. മഴ സജീവമാക്കുന്ന പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. വെളളിയാഴ്ചയോടെ മഴ വീണ്ടും കനത്തേയ്ക്കും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിടയുള്ള ന്യൂനമർദ്ദമാണ് കാരണം. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരംവരെ തീരദേശന്യൂനമർദ്ദപാത്തിയും വടക്കൻ കർണ്ണാടകയിൽനിന്ന് കന്യാകുമാരിവരെ ന്യൂനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. വ്യാഴാഴ്ചവരെ നേരിയതോ മിതമായതോ ആയ മഴ സാദ്ധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കനത്ത മഴ പെയ്തിട്ടും സംസ്ഥാനത്തെ 'മഴക്കുറവ്' മാറിയിട്ടില്ല. കാലവർഷം ആരംഭിച്ചതു മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം മഴക്കുറവ് 26 ശതമാനമാണ്. 1341.9 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 992.8 മി.മീ മഴ മാത്രം. വയനാട് 50 ശതമാനവും ഇടുക്കിയിൽ 48 ശതമാനമാവുമാണ് പ്രതീക്ഷിച്ച മഴയിൽ കുറവ്.
ശരാശരി മഴ കിട്ടിയ ജില്ലകൾ: തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കോട്ടയം, കണ്ണുർ.
മഴക്കുറവുള്ള ജില്ലകൾ: ആലപ്പുഴ, എറണാകുളം, ഇടുക്കി, കാസർകോട്, കൊല്ലം, പാലക്കാട്, തൃശൂർ, വയനാട്.
വൻ ഡാമുകൾ തുറക്കേണ്ടിവരില്ല
വലിയ ഡാമുകൾ നിലവിലെ മഴയുടെ സാഹചര്യത്തിൽ തുറക്കേണ്ടിവരില്ല. ഇടുക്കിയിൽ ജലനിരപ്പ് 37.48 ശതമാനമാണ്. കെ.എസ്.ഇ.ബിയുടെ 17 ഡാമുകളിൽ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർപെരിയാർ, പെരിങ്ങൽകുത്ത് എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് റെഡ് അലർട്ടാണ്. .കുറ്റ്യാടിയിൽ ഓറഞ്ച് അലർട്ടാണ്. ഇറിഗേഷൻ വകുപ്പിന്റെ 20 ഡാമുകളിൽ നെയ്യാർ, മലങ്കര എന്നിവിടങ്ങളിൽ മാത്രമാണ് റെഡ് അലർട്ടുളളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |