SignIn
Kerala Kaumudi Online
Thursday, 08 October 2026 1.40 AM IST

റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്റർ തലസ്ഥാനത്ത് വരും: രാജീവ് ചന്ദ്രശേഖർ

1

തിരുവനന്തപുരം: തിരുവനന്തപുരത്ത് റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്റർ സ്ഥാപിക്കാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തത്വത്തിൽ അനുമതി നൽകിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ പറഞ്ഞു. ഇതിലൂടെ തലസ്ഥാനത്ത് വലിയ മാറ്റമുണ്ടാക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ തന്റെ വാഗ്ദാനമായിരുന്നു ഇത്. കേരളകൗമുദി സംഘടിപ്പിച്ച 'ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി കോൺക്ലേവിൽ" മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാജീവ്.

ഇന്നത്തെ വിദ്യാഭ്യാസത്തിൽ നൈപുണ്യത്തിനാണ് പ്രാധാന്യം. നൈപുണ്യമില്ലെങ്കിൽ ഏത് ബിരുദമുണ്ടെങ്കിലും തൊഴിലവസരങ്ങളുണ്ടാവില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പരമാധികാരം തീരുമാനിക്കുന്നത് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഭയായിരിക്കും. പ്രതിഭകളുള്ള സംസ്ഥാനത്തും രാജ്യത്തും നിക്ഷേപമെത്തും. എന്നാൽ പ്രതിഭാശാലികൾ പോവുന്നത് അവസരങ്ങൾ തേടിയാണ്. കഴിവും പ്രതിഭയുമുള്ളവരെ സംസ്ഥാനത്തിന്റെ സ്വത്താക്കിയാലേ അവസരങ്ങൾ സൃഷ്ടിക്കാനാവൂ.

ഇവിടെ നിന്ന് 600കി.മി മാത്രം അകലെയുള്ള തമിഴ്നാട്ടിൽ ആപ്പിൾ ഫോണടക്കം നിർമ്മിക്കുന്നു. എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത് നടക്കുന്നില്ലെന്ന് സ്വയം ചോദിക്കണം. കഴിവുള്ളവരെ നൈപുണ്യമുള്ളവരാക്കി മാറ്റിയാൽ ഇത് സാദ്ധ്യമാവും. ഇതിനായി പുതിയ വിദ്യാഭ്യാസ ആവാസവ്യവസ്ഥയുണ്ടാക്കണം.

കഴിഞ്ഞവർഷം സിംഗപ്പൂർ സർക്കാരിന്റെ എ.ഐ സമ്മേളനത്തിൽ കമ്പനികളുടെ ഉന്നതപദവികളിലുള്ള മൂന്ന് മലയാളികളെ കണ്ടു. കൊല്ലത്തും കോട്ടയത്തും തിരുവനന്തപുരത്തും പഠിച്ചശേഷമാണ് അവർ അവിടേക്ക് പോയത്. കുട്ടികളെ പ്രതിഭാശാലികളാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇന്ത്യയിലെ യുവപ്രതിഭാശാലികളെയാണ് അവർക്ക് വേണ്ടതെന്നാണ് യു.എ.ഇയിലെ ഡിജിറ്റൽ മന്ത്രി പറഞ്ഞത്.

യുവ പ്രതിഭാശാലികളെ സൃഷ്ടിക്കാനുള്ള ഫാക്ടറിയാണ് നല്ല വിദ്യാഭ്യാസം. സ്വകാര്യ ക്യാമ്പസുകൾ വരണം. അതിനൊപ്പം വ്യവസായവും ടെക്നോളജി കമ്പനികളും വരണം. വിദ്യാഭ്യാസ മേഖലയും ഇന്നൊവേഷനും ടെക്നോളജി മേഖലയും ചേർന്ന കൂട്ടുകെട്ടാണ് രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യം. സർക്കാർ അത് ചെയ്യുന്നുണ്ടെങ്കിൽ ബി.ജെ.പി പൂർണമായി സഹകരിക്കും- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV CHADRASEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA