
തിരുവനന്തപുരം: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോളകേന്ദ്രമാക്കുമെന്ന് മന്ത്രി റോജി എം.ജോൺ പറഞ്ഞു. അന്യസംസ്ഥാനങ്ങളിലും വിദേശത്തും നിന്നുള്ള കുട്ടികളെ ഇവിടേക്ക് ആകർഷിക്കാനാവണം. സ്വകാര്യ, കൽപ്പിത, വിദേശ സർവകലാശാലകളടക്കം തുടങ്ങാനുള്ള നിയമനിർമ്മാണം വരുന്ന നിയമസഭാ സമ്മേളനത്തിലുണ്ടാവും. ബിൽ അന്തിമ ഘട്ടത്തിലാണെന്നും . 'കേരളകൗമുദി' സംഘടിപ്പിച്ച 'ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി കോൺക്ലേവ് ' ഹോട്ടൽ ലെമൺ ട്രീയിൽ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
പുതിയ കോഴ്സുകളും സിലബസുമടക്കം ഉന്നത വിദ്യാഭ്യാസത്തിൽ ഇന്നത്തെ തലമുറ ആഗ്രഹിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരും. കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച അഞ്ച് യൂണിവേഴ്സിറ്റി ടൗൺഷിപ്പുകളിലൊന്ന് തിരുവനന്തപുരത്ത് അനുവദിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. എൻജിനിയറിംഗ് കോളേജുകൾക്ക് അക്കാഡമിക് സ്വാതന്ത്ര്യമടക്കം നൽകുന്നത് പുതിയ കോഴ്സുകൾ തുടങ്ങാനുള്ള വഴിയൊരുക്കും. അന്യസംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ എൻജിനിയറിംഗ് പഠനത്തിനെത്താൻ തടസമായ ചട്ടങ്ങൾ മാറ്റും. വിദ്യാഭ്യാസ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന അവകാശവാദം ശരിയാണെങ്കിൽ ലോകം മുഴുവനുള്ള വിദ്യാർത്ഥികളെത്തുമായിരുന്നു. അന്യസംസ്ഥാനങ്ങളിലുള്ളവർ പോലും വരുന്നില്ല. നമ്മുടെ വിദ്യാർത്ഥികൾ വൻതോതിൽ വിദേശ രാജ്യങ്ങളിലേക്ക് പോവുന്നു. . നോളഡ്ജ് വാലി, റിസർച്ച് പാർക്ക്, ട്രൈബൽ യൂണിവേഴ്സിറ്റി, ഡിസൈൻ പ്ലാനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള പദ്ധതികൾ വിദ്യാർത്ഥികളാഗ്രഹിക്കുന്ന സൗകര്യങ്ങൾ ലഭ്യമാക്കാനാണ്. എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളുമായി കൈകോർത്ത് മാറ്റങ്ങൾ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.
'കേരളകൗമുദി' അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് അദ്ധ്യക്ഷനായി. രാജീവ് ചന്ദ്രശേഖർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക്, ട്രിവാൻഡ്രം എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്നോളജി പാർക്ക് സി.ഇ.ഒ ഡോ.എം.എസ്.രാജശ്രീ എന്നിവർ പ്രസംഗിച്ചു. കൗമുദി ടി.വി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ സ്വാഗതവും ,മാർക്കറ്റിംഗ് ജനറൽ മാനേജർ എ.സുധീർ കുമാർ നന്ദിയും പറഞ്ഞു. ഡോ.എം.സി.സിറിയക് രചിച്ച 'ഗോഡ്സ് ബേബി' എന്ന പുസ്തകം രാജീവ് ചന്ദ്രശേഖർ, മന്ത്രി റോജിക്ക് നൽകി പ്രകാശനം ചെയ്തു. അമൃത വിശ്വവിദ്യാലയം പ്രൊഫസറും റിസർച്ച് ഹെഡുമായ ഡോ. വിവേക് മേനോൻ, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ചെയർമാൻ ഡോ.ബിജു രമേശ്, മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർപേഴ്സൺ റാണി മോഹൻദാസ്, കന്യാകുമാരി നിഷ് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.ഷജിൻ നറുഗുണം, കിംസ് ഹെൽത്ത് എ.ജി.എം സഫർ ഇഖ്ബാൽ എന്നിവർക്ക് മന്ത്രി റോജി എം.ജോൺ ഉപഹാരം നൽകി.
കേരളകൗമുദി വിദ്യാഭ്യാസത്തിന്
പ്രാധാന്യം നൽകുന്നു
വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ നൽകുന്ന പത്രമാണ് 'കേരളകൗമുദി'യെന്ന് മന്ത്രി റോജി.എം.ജോൺ പറഞ്ഞു. 115 വർഷത്തെ സുദീർഘമായ പാരമ്പര്യമുള്ള മഹത്തായ മാദ്ധ്യമ സ്ഥാപനമാണ് . ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും ,കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിനും കേരളകൗമുദി വഹിച്ചിട്ടുള്ള പങ്ക് വലുതാണ്. സാമൂഹ്യ സമത്വത്തിനും തുല്യതയ്ക്കും പൗരാവകാശങ്ങൾക്കും വേണ്ടി പോരാടിയെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |