
കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി കുത്തനെ വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്ക്. 2016 മുതൽ 2020 വരെയുളള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2021 മുതൽ 2025 വരെ മരണസംഖ്യ നാലിരട്ടിയിലധികമായി. കേസുകൾ മൂന്നിരട്ടിയിലധികവും. മരണനിരക്ക് 4.2 ശതമാനത്തിൽ നിന്ന് ആറായി. ഡെങ്കിപ്പനിയും ഷിഗെല്ലയും മലേറിയയും ഉയർത്തുന്ന ഭീതിക്ക് പുറമെയാണിത്. ആരോഗ്യ വകുപ്പിന്റെയടക്കം ശ്രദ്ധ ഈ രോഗങ്ങളിലേക്ക് തിരിഞ്ഞതോടെ എലിപ്പനി പ്രതിരോധത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന ആക്ഷേപമുണ്ട്. രോഗം കൂടുന്നതിന് ഇത് കാരണമായിട്ടുണ്ട്. 2018, 2019ലെ പ്രളയങ്ങളിലും സർക്കാർ ശ്രദ്ധ അതിലേക്കായി. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് കേസുകൾ കുറവായിരുന്നു. സ്ഥിതി സാധാരണ നിലയിലായപ്പോൾ രോഗം കുത്തനെ കൂടി. പരിസ്ഥിതി മലിനീകരണമാണ് പ്രധാന പ്രശ്നം. കിടപ്പുരോഗികളിൽ പോലും ഇപ്പോൾ രോഗം പടരുന്നതായാണ് കണ്ടെത്തൽ.
ലെപ്ടോസ്പൈറ രോഗാണുവാഹകരായ എലികളടക്കമുള്ള ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ നിന്ന് രോഗം പകരാം. നല്ല സൂര്യപ്രകാശവും ഒഴുക്കുമുണ്ടെങ്കിൽ ഇവ നശിപ്പിക്കപ്പെടും.
എലിപ്പനി കണക്ക്, കേസുകൾ, മരണം
2011 മുതൽ 2015 വരെ.... 4,667... 208
2016 മുതൽ 2020 വരെ....7,447... 319
2021 മുതൽ 2025 വരെ.... 23,953....1,455
2026 ജൂൺ 23 വരെ.... 1,531.... 56
കാരണങ്ങൾ
മലിനജല, മൃഗ സമ്പർക്കം, രോഗാണുവുള്ള സ്ഥലത്തെ കൃഷിപ്പണി
ലക്ഷണങ്ങൾ
കടുത്ത പനി, തലവേദന, പേശിവേദന, ഛർദ്ദി
മുൻകരുതൽ
മലിനജല സമ്പർക്കം ഒഴിവാക്കുക, മൃഗങ്ങൾക്ക് വാക്സിനേഷൻ, എലി നിയന്ത്രണം
മലിനജലം കെട്ടിക്കിടക്കുന്നതാണ് പ്രധാന പ്രശ്നം. രോഗലക്ഷണം കണ്ടയുടൻ ചികിത്സ തേടണം. മലിനീകരണം നിയന്ത്രിക്കണം.
-ഡോ.അരുൺ സക്കറിയ
ജില്ലാ മൃഗസംരക്ഷണ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |