
തിരുവനന്തപുരം: ശബരിമലയിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികളിൽ സുതാര്യത ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ഇതിനായി മാർഗനിർദ്ദേശം പുറപ്പെടുവിക്കും. ടെൻഡറിൽ പങ്കെടുക്കുന്ന ആരും ബോർഡ് ആസ്ഥാനത്തേക്ക് വരേണ്ടതില്ലെന്ന് ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. അന്വേഷണം പോലും ഓൺലൈനായി മതി. ഇ- ടെൻഡറിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് മുന്നോട്ട് പോകും. 24 ഇനങ്ങൾക്കാണ് ടെൻഡർ വിളിച്ചിട്ടുള്ളത്.
ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് ബോർഡ് യോഗം അംഗീകരിച്ചു. ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കാൻ വീണ്ടും ദേവസ്വം വിജിലൻസിനെ ചുമതലപ്പെടുത്തി. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ ദേവസ്വം ജീവനക്കാർക്ക് പങ്കുണ്ടെന്ന സൂചനയുണ്ടായിരുന്നു. ഇതിലെ വ്യക്തതയ്ക്ക് വേണ്ടിയാണ് തുടരന്വേഷണം.
നിലവിലെ പൊലീസ് വിജിലൻസ് അന്വേഷണത്തെ ബാധിക്കാത്ത രീതിയിലായിരിക്കുമിത്. ശബരിമലയിൽ അയ്യപ്പൻമാർ കൊണ്ടുവരുന്ന നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്ത് ഭക്ഷ്യസുരക്ഷാ യൂണിറ്റ് സ്ഥാപിക്കും. ക്ഷേത്രകലാപീഠം നടത്തിപ്പ് സമഗ്രമായി പരിഷ്‌കരിക്കും.
നെയ്യ് ഇടപാടിൽ
നഷ്ടം 2.27 കോടി
ശബരിമല നെയ്യ് ഇടപാടിൽ ബോർഡിന് 2,27,76,435 രൂപയുടെ നഷ്ടമുണ്ടായെന്ന് പൊലീസ് വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. മിൽമയേക്കാൾ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത മൂന്നു കമ്പനികളെ ഒഴിവാക്കി. ഭക്തർ നൽകിയ നെയ്യ് കൂടി ഉപയോഗിച്ച് അരവണ നിർമ്മാണം നടത്തി. ഒരു ബാച്ച് അരവണ തയ്യാറാക്കുന്നതിനായി പതിവായി ഉപയോഗിച്ചുവരുന്ന 10 ലിറ്റർ നെയ്യിന് പകരം 7 ലിറ്റർ മിൽമ നെയ്യ് മാത്രം മതിയാകുമെന്ന റിപ്പോർട്ട് മൂന്നാം പ്രതി മുരാരിബാബു ബോർഡിന് സമർപ്പിച്ചു.
ടെൻഡർ നടപടിയിൽ പങ്കെടുത്തിട്ടില്ലാത്ത മിൽമയ്ക്ക് കരാർ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്. ദേവസ്വം കമ്മിഷണർ ഇതിനെ എതിർത്തെങ്കിലും ബോർഡ് പ്രസിഡന്റായിരുന്ന പി.എസ്.പ്രശാന്തും അംഗം എ.അജികുമാറും മിൽമയിൽ നിന്നും നെയ്യ് വാങ്ങാൻ തീരുമാനിച്ചു. ലിറ്ററിന് 510 രൂപ നിരക്കിലാണ് മിൽമയിൽ നെയ്യ് വാങ്ങുന്നതിന് അനുമതി നൽകിയത്. 1,61,535 ലിറ്റർ വാങ്ങി. മിൽമയ്ക്ക് നൽകിയ കരാറിന്റെ മറവിൽ ഗുണനിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ച് ക്രമക്കേട് നടത്തി എന്നാണ് എഫ്.ഐ.ആർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |