SignIn
Kerala Kaumudi Online
Saturday, 20 June 2026 11.38 AM IST

വിജയം ടീം യു.ഡി.എഫിന്റേത്, മുഖ്യമന്ത്രി രണ്ടു ദിവസത്തിനകം

READ ENGLISH VERSION
sunny-joseph

കോഴിക്കോട്: വോട്ടെണ്ണലിന് രണ്ടുനാൾ മുമ്പ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനോട് യു.ഡി.എഫ് നേടുന്ന സീറ്റിന്റെ എണ്ണം ചോദിച്ചപ്പോൾ ജയിക്കാനുള്ളത് എന്നായിരുന്നു മറുപടി. അപ്പോഴും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉറപ്പിച്ചു 100കടക്കുമെന്ന്. പുതുയുഗയാത്ര നടത്തി കേരളത്തെ അറിഞ്ഞ കണിശതയുള്ള രാഷ്ട്രീയ നേതാവിന്റെ വിലയിരുത്തൽ അക്ഷരം പ്രതി ശരിയായിരിക്കുന്നു. കേരളം കഴിഞ്ഞ പത്തുവർഷം ഭരിച്ച ഇടത് സർക്കാരിനെ നിലം പരിശാക്കി 102 സീറ്റിൽ തേരോട്ടം. വി.ഡി.സതീശൻ കേരളകൗമുദിയോട് മനസ് തുറക്കുന്നു.

കോൺഗ്രസ് നേതാക്കളെല്ലാം സീറ്റിന്റെ എണ്ണത്തിൽ

പരുങ്ങിക്കളിച്ചപ്പോഴും താങ്കൾ 100ൽ ഉറച്ചു നിന്നു...?

ഉറപ്പായിരുന്നു നൂറ് സീറ്റ്. കേരളം മുഴുവൻ സഞ്ചരിച്ച് ഗ്രൗണ്ട് ലെവൽ പഠിച്ചാണ് ഞാൻ പറഞ്ഞത്. സർക്കാരിനെതിരെ അത്രമാത്രം ജനവിരുദ്ധ വികാരമുണ്ടായിരുന്നു.

 എന്താണ് ഇത്രയും ആത്മവിശ്വാസം പകർന്നത്...?

കഴിഞ്ഞ പത്തുവർഷം കൊണ്ട് കേരളത്തെ തകർത്തെറിഞ്ഞ സർക്കാരിനോട് കടക്ക് പുറത്ത് പറയാൻ കാത്തിരിക്കുകയായിരുന്നു ജനം. ഒരു സംശയം ചോദിക്കുന്നവനോട് വീട്ടിൽപോയി ചോദിക്കെന്ന് പറയുന്ന മുഖ്യമന്ത്രി ഏത് കാലത്താണ് ജീവിക്കുന്നത്. അതിന് അവർ എന്തൊക്കെ താത്വിക അവലോകനം നടത്തിയാലും വലിയ പ്രഹരമാണ്. കേരളം കഴിഞ്ഞ കാലങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത പ്രഹരം.

 പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനും ജി.സുധാകരനും

ജയിക്കുമെന്ന് താങ്കൾ ഉറപ്പിച്ചു പറഞ്ഞു..?

അവരെ ജയിപ്പിച്ചത് സത്യത്തിൽ ഞങ്ങളല്ല. സി.പി.എമ്മുകാരാണ്. അത്രമാത്രം നെറികേടല്ലേ സി.പി.എം അവരോടൊക്കെ കാട്ടിയത്.

 ഇത് വി.ഡി സതീശന്റെ വിജയമാണോ..?
ഒരിക്കലും അങ്ങിനെ അവകാശപ്പെടില്ല. കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമ്പോൾ യു.ഡി.എഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ഹൈക്കമാൻഡിന് വാക്ക് നൽകിയിരുന്നു. സോണിയഗാന്ധി പറഞ്ഞത് സതീശനിൽ വിശ്വാസമുണ്ടെന്നാണ്. അത് പാലിക്കും എന്ന് ഞാനും ഉറപ്പ് നൽകി. അത് പാലിക്കാനായതിന്റെ ചാരിതാർത്ഥ്യമുണ്ട്. സാധാരണക്കാർ, യുവത, കേരളത്തിന്റെ മതേതരത്വം എന്നിവ മുറുകെപ്പിടിച്ചാവും ഇനിയുള്ള യാത്ര.

 വി.ഡി.സതീശനാണോ മുഖ്യമന്ത്രി...?

അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ല. കോൺഗ്രസ് മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് രണ്ട് ദിവസത്തിനകം തീരുമാനിക്കും. ഞാനിതുവരെ ഒരു സ്ഥാനവും ചോദിച്ച് വാങ്ങിയിട്ടില്ല. താൻ വനവാസത്തിന് പോകുമെന്ന് അഹന്തയുടെ ഭാഷയിൽ പറഞ്ഞിട്ടില്ല. തോറ്റാൽ വിരമിക്കുമെന്ന് പറഞ്ഞിരുന്നു. ഏൽപ്പിച്ച ഉത്തരവാദിത്വം നടപ്പാക്കാനായില്ലെങ്കിൽ എന്തു ചെയ്യണമെന്ന് ആലോചിച്ചിരുന്നു.

 താങ്കൾ പ്രഖ്യാപിച്ച വിസ്മയങ്ങൾ സംഭവിച്ചോ...?

എന്താണ് സംശയം. 100ൽ കൂടുതൽ എന്നു പറഞ്ഞപ്പോൾ പലരും കളിയാക്കിയില്ലേ. എന്നിട്ടും എന്തുമാത്രം വിസ്മയമാണ് ഉണ്ടായത്. അമ്പലപ്പുഴയും തളിപ്പറമ്പിലും പയ്യന്നൂരിലും വിസ്മയമുണ്ടായി. മാണി ഗ്രൂപ്പിന് വാതിൽ തുറന്നുവച്ചു. അവർ വന്നില്ല. ഞാൻ ആവർത്തിക്കുന്നു, ഇത് ടീം യു.ഡി.എഫിന്റെ വിജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA