SignIn
Kerala Kaumudi Online
Saturday, 16 May 2026 3.44 AM IST

ഉടുമ്പിനെ കൊന്നകേസിൽ ഒരുലക്ഷം കൈക്കൂലി: രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ

padam

കൊച്ചി: ഉടുമ്പിനെ കൊന്ന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചറും സെക്ഷൻ ഫോറസ്റ്റ് ഓഫീസറും വിജിലൻസ് പിടിയിലായി. കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആലപ്പുഴ പാതിരപ്പള്ളി സ്വദേശി സി.പി. ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പിറവം സ്വദേശി ജിമ്മി സ്‌കറിയ എന്നിവരാണ് അറസ്റ്റിലായത്. കാക്കനാടുള്ള റസ്റ്റോറന്റ് മാനേജരുടെ പരാതിയിലാണ് നടപടി.

റസ്റ്റോറന്റിൽ കയറി വന്ന ഉടുമ്പിനെ കൊന്ന രണ്ട് ജീവനക്കാരെ ഏപ്രിൽ 16ന് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇവർ സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ പണം നൽകിയില്ലെങ്കിൽ കൂടുതൽപ്പേരെ കേസിൽ പ്രതികളാക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. സി.പി. ശ്രീജിത്തിന്റെയും ജിമ്മി സ്‌കറിയയുടെയും നേതൃത്വത്തിൽ റസ്റ്റോറന്റിലെത്തി സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മാനേജരോടും മറ്റ് രണ്ട് ജീവനക്കാരോടും സ്റ്റേഷനിൽ ഹാജരാകാനും നിർദ്ദേശിച്ചു. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ ഡി.എഫ്.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് വിഹിതം നൽകണമെന്ന് സ്റ്റേഷനിലെത്തിയ മാനേജരോട് ഇരുവരും പറഞ്ഞു.തുക എത്രയെന്ന് അറിയാൻ വിളിച്ചപ്പോൾ സി.പി. ശ്രീജിത്താണ് ഒരു ലക്ഷം രൂപ ചോദിച്ചത്. മാനേജർ ഇക്കാര്യം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു.

വ്യാഴാഴ്ച രാത്രി കുറുപ്പുംപടിക്ക് സമീപം പണവുമായി എത്താനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. രാത്രി 9.45ന് കുറുപ്പുംപടി എം.ജി.എം സ്‌കൂളിന് സമീപം വച്ച് പണം വാങ്ങുന്നതിനിടെ ജിമ്മി സ്‌കറിയയെയും മുടിക്കൽ ഫോറസ്റ്റ് തടിഡിപ്പോയ്ക്ക് സമീപം വച്ച് സി.പി. ശ്രീജിത്തിനെയും വിജിലൻസ് പിടികൂടി. ഇരുവരെയും സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യാൻ വനംവകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് അറിയിച്ചു.

ഉടുമ്പ് കേസ്

കാക്കനാട് വ്യവസായമേഖലയ്ക്ക് സമീപത്തെ റസ്റ്റോറന്റിന്റെ അടുക്കളയിൽ സാമാന്യം വലിപ്പമുള്ള ഉടുമ്പെത്തിയത് ഏപ്രിൽ രണ്ടാം വാരമാണ്. ജീവനക്കാർ വലിയ ചട്ടുകം കൊണ്ട് അടിച്ചോടിച്ചു. വീണ്ടും വന്നപ്പോൾ തലയ്ക്കടിച്ചു. പുറത്തേക്കുപോയ ഉടുമ്പ് സീപോർട്ട് -എയർപോർട്ട് വഴിയരികിൽ ചത്തു വീണു. ജഡം പരിസരത്തെ പറമ്പിലേക്ക് മാറ്റിയിട്ട രണ്ട് റസ്റ്റോന്റ് ജീവനക്കാരാണ് കേസിൽ പ്രതിയായത്. റോഡിൽ ചത്തു കിടക്കുന്ന ഉടുമ്പിനരികിൽ രണ്ട് ജീവനക്കാർ നിൽക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ കണ്ടാണ് വനംവകുപ്പ് രംഗത്തെത്തിയത്. നഗരത്തിലെ തെരുവു നായകൾക്ക് പതിവായി ഭക്ഷണം നൽകുന്ന യുവതിയാണ് ഇത് പോസ്റ്റുചെയ്തത്. വന്യജീവികളിൽപ്പെട്ടതാണ് പാമ്പിനെയുൾപ്പെടെയുള്ള ജീവികളെ ഭക്ഷിക്കുന്ന ഉടുമ്പ്. കുറ്റിക്കാടുകളിലാണ് വാസം. ഇറച്ചിക്കു വേണ്ടി നിരുപദ്രവിയായ ഉടുമ്പിനെ കൊല്ലാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA