SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.32 AM IST

വിലക്കയറ്റത്തിൽ കേരളം ഒന്നാമത് :വി.ഡി.സതീശൻ

vd-satheeshan

ന്യൂ‌‌ഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ നാണ്യപെരുപ്പവും വിലക്കയറ്റവും നേരിടുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ന്യൂഡൽഹിയിൽ തുറന്നടിച്ചു. തുടർച്ചയായി എണ്ണ വില കൂട്ടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് എങ്ങനെയാണ് ഇന്ധന സെസിൽ ഇളവ് നിശ്ചയിക്കാൻ കഴിയുകയെന്നും കേരള ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചോദിച്ചു. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ഗൾഫ് വരുമാനമാണ്. പശ്ചിമേഷ്യൻ സംഘർഷം വലിയതോതിൽ ആ വരവിനെ ബാധിച്ചിരിക്കുകയാണ്. ക്രൂഡ് ഓയിൽ വിലവ‌ർദ്ധനയും തിരിച്ചടിയാണ്.

കിഫ്ബിയുടെ നിലവിലെ സ്ഥിതിയെന്താണെന്ന് അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ബാദ്ധ്യതകൾ എത്രത്തോളമുണ്ടെന്ന് മനസിലാക്കി കിഫ്ബിയുടെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കും.

കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട പരമാവധി തുക വാങ്ങിച്ചെടുക്കും. ഏതെങ്കിലും വകുപ്പുകൾക്ക് പണം കിട്ടുന്നില്ലെങ്കിൽ തടസമെന്തെന്ന് പരിശോധിക്കും. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകിയില്ല,​ ഓഡിറ്റഡ് അക്കൗണ്ട് ലഭ്യമാക്കിയില്ല തുടങ്ങിയ കാര്യങ്ങളാണോ തടസമെന്ന് കണ്ടെത്തും. ബഡ്ജറ്റിനു മുമ്പായി അത്തരം നടപടികൾ പൂർത്തിയാക്കും. ധനസ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കിയ ശേഷം വിശദമായ പ്രസന്റേഷൻ കേന്ദ്രത്തിനു മുന്നിൽ അവതരിപ്പിക്കും. സിൽവർ ലൈൻ ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ്. അതുകൊണ്ടാണ് വിജ്ഞാപനം ഡീനോട്ടിഫൈ ചെയ്‌തത്.

ഡൽഹിയിലെ ട്രാവൻകൂർ പാലസ് സന്ദർശിച്ചത് അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിലല്ല. അഴിമതി വിഷയവും പരിശോധിക്കാം. ഡൽഹിയിൽ സർക്കാരിന് പ്രത്യേക പ്രതിനിധിയുണ്ടാകുമോയെന്ന ചോദ്യത്തിന് ആലോചിക്കാമെന്നായിരുന്നു ഒഴുക്കൻ മറുപടി. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം കേരളത്തിലേക്ക് മടങ്ങിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA