SignIn
Kerala Kaumudi Online
Wednesday, 03 June 2026 1.41 AM IST

പെൺകുട്ടികളെ തെരുവിൽ ആക്രമിച്ച സംഘത്തിലെ 3 പേർ പിടിയിൽ

READ ENGLISH VERSION
padam

കൊച്ചി: അശ്ലീല ആംഗ്യം കാട്ടുകയും കമന്റടിക്കുകയും ചെയ്ത പത്തംഗ സംഘത്തെ ചോദ്യം ചെയ്ത ഉദ്യോഗാർത്ഥിനികളെ ക്രൂരമായി ആക്രമിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ, പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സാബിത്ത്, അരുൺ എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ പാലക്കാട് മണ്ണാർക്കാട് സ്വദേശി അക്ബർ നടത്തുന്ന ലോഡ്ജിലെ ജീവനക്കാരാണിവർ. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അക്ബറടക്കം മറ്റു പ്രതികൾ ഒളിവിലാണ്. പൊതുവഴിയിൽ നടന്ന അതിക്രമത്തിൽ എറണാകുളം നോർത്ത് പൊലീസാണ് നടപടി സ്വീകരിച്ചത്.

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് മത്സരപരീക്ഷയ്‌ക്കായി കലൂരിൽ താമസിച്ച് പഠിക്കുന്ന പാലക്കാട് സ്വദേശിനിയും കോഴിക്കോട് സ്വദേശിനിയുമാണ് അതിക്രമത്തിനിരയായത്. ഇന്നലെ പുലർച്ചെ 4.30ന് കലൂർ പാവക്കുളം ക്ഷേത്രത്തിനുസമീപം ചക്കാലപ്പാടത്തായിരുന്നു സംഭവം. പാലക്കാട് സ്വദേശിനിയുടെ വസ്ത്രം കീറാൻ ശ്രമിക്കുകയും മുടിയിൽ പിടിച്ച് വലിച്ചിഴയ്‌ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയുടെ കൈപിടിച്ച് തിരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും വിശ്രമത്തിലാണ്.

ക്രിമിനൽ കേസുകളിൽ പ്രതിയായ അക്ബറിന്റെ കൊച്ചിയിലെ ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ലോഡ്ജ് ഇന്നലെ റെയ്ഡ് ചെയ്തു. രണ്ട് യുവതികളും എട്ട് യുവാക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്.

സംഭവം ഇങ്ങനെ

പഠനത്തിനിടെ ക്ഷീണംമാറ്റാൻ പുറത്തുപോയി ചായ കുടിച്ച് മടങ്ങുമ്പോഴാണ് പെൺകുട്ടികൾ ആക്രമിക്കപ്പെട്ടത്. ഇടറോഡിൽ നിന്നിരുന്ന പത്തംഗ സംഘത്തിലെ യുവതികൾ ഇവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തതോടെ അക്ബർ അശ്ലീലചേഷ്ട കാട്ടി. അടുത്തേക്കുവന്ന് ദേഹത്ത് തൊടാൻ ശ്രമിച്ചു. കോഴിക്കോട് സ്വദേശിനി ഇത് ഫോണിൽ റെക്കാഡ് ചെയ്യാൻ ശ്രമിക്കവേ, അക്ബർ കൈ ബലമായി പിടിച്ചുതിരിച്ച് ഫോൺ വാങ്ങി റോഡിൽ എറിഞ്ഞുടച്ചു.

തുടർന്ന് ഇയാൾ പാലക്കാട് സ്വദേശിനിക്കുനേരെ തിരിഞ്ഞു. വസ്ത്രം വലിച്ചുകീറി. നിലത്തുവീണ തന്നെ മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചെന്നും നെഞ്ചിലടക്കം ചവിട്ടിയെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. സംഘത്തിലെ യുവതികൾ അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല. സംഭവം കേസാകുമെന്ന് മനസിലായതോടെ സംഘം ഓടി രക്ഷപ്പെട്ടു. സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

പൊലീസും കുഴയും

പുലർച്ചെ എന്തിനാണ് ചായക്കടയിൽ പോയതെന്നും ഏത് വസ്ത്രമാണ് ഇട്ടിരുന്നതെന്നും പരാതി രേഖപ്പെടുത്താൻ ആശുപത്രിയിൽ എത്തിയ പൊലീസുകാരൻ പറഞ്ഞത് ആക്രമിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വിഷമമുണ്ടാക്കിയെന്ന് സുഹൃത്തുക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡി.സി.പി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA