
ന്യൂഡൽഹി: സ്വമേധയാ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന പ്രായപൂർത്തിയായ വ്യക്തികളെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി. അനാശാസ്യ കേന്ദ്രങ്ങൾ നിയമവിരുദ്ധമാണെങ്കിലും റെയ്ഡുകളിൽ കണ്ടെത്തുന്ന ലൈംഗിക തൊഴിലാളികളെ ഇരകളാക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യരുത്. ഇവർ കുറ്റവാളികളല്ല.
സ്വന്തം ഇഷ‌്ട്രപ്രകാരം ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവരെ ഉപദ്രവിക്കരുത്. ഇവർക്ക് പുനരധിവാസം അടിച്ചേൽപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും ജസ്റ്റിസുമാരായ ജസ്റ്റിസ് ജെ. ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ലൈംഗിക ചൂഷണം ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഇടപെടൽ. മനുഷ്യക്കടത്തിന് വിധേയരാകുന്നവരെയും സ്വമേധയാ ലൈംഗിക തൊഴിൽ നടത്തുന്നവരെയും തിരിച്ചറിയാനാകണം. ഇവർക്ക് ഒരേ നിയമം ബാധകമാക്കരുത്.
ലൈംഗിക തൊഴിൽ തിരഞ്ഞെടുത്തവരെ വിശേഷിപ്പിക്കാൻ ഹിന്ദിയിലും ഇംഗ്ലീഷിലും ഉപയോഗിക്കുന്ന അവഹേളനപരമായ വാക്കുകൾ അവരോടുള്ള മനോഭാവം പ്രതിഫലിപ്പിക്കുന്നുവെന്ന് ജസ്റ്റിസ് ജെ. ബി പർദിവാല വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ഈ കളങ്കത്തിന്റെ അനന്തരഫലങ്ങൾ കഠിനവും ദൂരവ്യാപകവുമാണ്.
സ്വമേധയാ ലൈംഗിക തൊഴിൽ തിരഞ്ഞെടുക്കുന്നവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന 'ഇര സംരക്ഷണ പദ്ധതി' കോടതി നിർദ്ദേശിച്ചു. അന്തസ്സിനും മനുഷ്യാവകാശങ്ങൾക്കും പ്രാധാന്യം നൽകുന്ന പുതിയ പദ്ധതിയിൽ, ഇരകളെ ഒരു ഘട്ടത്തിലും കുറ്റവാളികളായി കണക്കാക്കുകയോ ക്രിമിനൽ നടപടികൾക്ക് വിധേയമാക്കുകയോ ചെയ്യരുതെന്ന് പറയുന്നു. മനുഷ്യക്കടത്തിന് വിധേയരായ ഇരകൾക്കെതിരെ അനാശാസ്യ പ്രവർത്തനത്തിന് നടപടിയെടുക്കുന്നത് ഒഴിവാക്കണം. ഇവർക്കെതിരായ പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം തടയുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |