
ദോഹ: ഫുട്ബാൾ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി മലയാളി ടച്ച്. ഇന്നലെ പ്രഖ്യാപിച്ച 26 അംഗ ഖത്തർ ടീമിൽ കണ്ണൂർ സ്വദേശിയായ തഹ്‌സിൻ മുഹമ്മദ് ജംഷീദ് എന്ന 19കാരനുമുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഫുട്ബാൾ താരമായിരുന്ന ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിൻ. 1996ൽ ഖത്തറിലേക്ക് കുടിയേറിയ ജംഷീദ് നിലവിൽ ചീഫ് അക്കൗണ്ടന്റാണ്. ഖത്തറിലാണ് തഹ്‌സിൻ ജനിച്ചതും വളർന്നതും. പിതാവിനൊപ്പം പന്തുതട്ടിത്തുടങ്ങിയ തഹ്‌സിൻ ആസ്പെയർ അക്കാഡമിയിലൂടെയാണ് സ്ട്രൈക്കറായി പയറ്റിത്തെളിഞ്ഞത്. ഖത്തറിന്റെ ജൂനിയർ, യൂത്ത് ടീമുകളിൽ മികവുകാട്ടി 17-ാം വയസിൽ അൽ ദുഹൈൽ ക്ളബിലെത്തി. ഖത്തർ സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതിയും സ്വന്തമാക്കി. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്. 2024 ജൂണിൽ ലോകകപ്പ് യോഗ്യതാറൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് തഹ്സിൻ ഖത്തറിന്റെ സീനിയർ കുപ്പായത്തിൽ അരങ്ങേറിയത്.
കണ്ണൂരിന്റെ കണ്ണിലുണ്ണി
പി. ഷമിൽ
കണ്ണൂർ: നാട്ടിലെത്തിയാൽ വളപട്ടണം തങ്ങൾവയലിലെ പുൽമൈതാനത്തും പയ്യാമ്പലത്തെ മണൽപ്പരപ്പിലും പന്തുതട്ടുന്ന പയ്യൻ ഇനി ലോകകപ്പിൽ കളിക്കുമെന്നറിഞ്ഞ് കണ്ണൂരിൽ ആഘോഷമേളം. വളപട്ടണത്തെ പുരാതന തറവാടായ ചങ്ങളാംചാലിപ്പുറത്ത് (കൊട്ടക്കാന്റെവീട്) കുടുംബത്തിലെ കണ്ണിയാണ് തഹ്സിൻ. പിതാവ് ജംഷീദിനും മാതാവ് ഷൈമയ്ക്കുമൊപ്പം അവധിക്ക് നാട്ടിലെത്തുമ്പോൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും പന്തുതട്ടാനും തഹ്സിൻ മറക്കാറില്ല. നാലുവർഷം മുമ്പ് അമ്മൂമ്മ റംലത്ത് മരിച്ചപ്പോഴാണ് ഒടുവിൽ നാട്ടിലെത്തിയത്.
പരിക്ക് കവർന്ന
പിതാവിന്റെ സ്വപ്നം
പരിക്കുകാരണം കരിയർ പൂർത്തിയാക്കാനാകാതെ പോയ ജംഷീദിന്റെ സ്വപ്നങ്ങളാണ് മകനിലൂടെ പൂവണിയുന്നത്. മുൻ കേരള യൂത്ത് താരവും കാലിക്കറ്റ് സർവകലാശാല ടീമിന്റെ ഉപനായകനുമായിരുന്നു ജംഷീദ്. കണ്ണൂർ എസ്.എൻ കോളേജിൽ പഠിക്കവേയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ കളിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |