
തിരുവനന്തപുരം: നിലപാടുകളിൽ ഉറച്ചുനിന്നും സമ്മർദ്ദങ്ങൾക്ക് വിധേയമാകാതെയും നാടിന്റെ നന്മയ്ക്കായി നിലകൊണ്ട പത്രപ്രവർത്തകനായിരുന്നു എൻ. രാമചന്ദ്രനെന്ന് മന്ത്രി ഷിബു ബേബിജോൺ.
കേരള കൗമുദി എഡിറ്റോറിയൽ അഡ്വൈസറായിരുന്ന എൻ. രാമചന്ദ്രന്റെ 12-ാം ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽനിന്ന് രാഷ്ട്രപതിയെ നിശ്ചയിക്കുന്നവിധം ചർച്ച ചെയ്യപ്പെടുന്ന മുഖപ്രസംഗങ്ങൾ എഴുതാൻ എൻ. രാമചന്ദ്രന് കഴിഞ്ഞു. നാടിനെക്കുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹത്തിന്റെ തലമുറയ്ക്കുണ്ടായിരുന്നു. ആ കാഴ്ചപ്പാട് ഈ മണ്ണിൽ നടപ്പാക്കാനാണ് അവർ ജീവിച്ചത്. അവരെ ഓർക്കുമ്പോൾ ഇന്നത്തെ രാഷ്ട്രീയരംഗത്തെയും മാദ്ധ്യമരംഗത്തെയും അപചയം ചർച്ച ചെയ്യപ്പെടണം. അതിലൂടെ ശരിയായ പാത തുറക്കാനാകണമെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്നു ഒന്നാം റാങ്കോടെ പാസായ പാർവ്വതി കെ. നായർക്ക് മന്ത്രി ഷിബു ബേബിജോൺ എൻ. രാമചന്ദ്രൻ സ്മാരക വിദ്യാഭ്യാസ അവാർഡ് നൽകി.
പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി ശക്തമായി നിലപാടെടുത്ത മാദ്ധ്യമപ്രവർത്തകനായിരുന്നു എൻ. രാമചന്ദ്രനെന്ന് അനുസ്ണമരണപ്രഭാഷണം നടത്തിയ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം പറഞ്ഞു. എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് പ്രഭാവർമ്മ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി പി.പി. ജയിംസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബാബുദിവാകരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |