SignIn
Kerala Kaumudi Online
Sunday, 21 June 2026 1.48 AM IST

ഞങ്ങളെയാണ് അച്‌ഛനിഷ്ടം,​ ഇന്ദ്രൻസിനെ കുറിച്ച് മകൻ മഹേന്ദ്രൻ

READ ENGLISH VERSION

cc
ഇന്ദ്രൻസിനൊപ്പം മകൻ മഹേന്ദ്രൻ

തിരുവനന്തപുരം: ''ഈ വേഷം ഇന്ദ്രൻസ് സാറിനെ ഏല്പിക്കണം. എന്നെ അത്ഭുതപ്പെടുത്തിയ നടനാണ് ''. തമിഴ് സൂപ്പർസ്റ്റാർ സൂര്യ നിർബന്ധം പിടിച്ചു. മെഗാഹിറ്റായ കറുപ്പ് സിനിമയിൽ ഇന്ദ്രൻസ് മട്ടാഞ്ചേരി സുകുമാരനായി ജീവിച്ചു. തീരാനൊമ്പരമായി ആ പിതാവ് പ്രേക്ഷക ഹൃദയം കീഴടക്കി. അതാണ് നമ്മുടെ ഇന്ദ്രൻസ്.

ഫാദേഴ്സ് ഡേയിൽ ഇന്ദ്രൻസിന്റെ മക്കളായ മഹിജയും മഹേന്ദ്രനും പറയുന്നു, ''ഞങ്ങളുടെ സൂപ്പർ താരമല്ലേ അച്ഛൻ...''

മെലിഞ്ഞുണങ്ങിയ ആ തിരുവനന്തപുരത്തുകാരൻ ആദ്യം മേക്കപ്പ്മാന്റെ അസിസ്റ്റന്റായി,​കോസ്റ്റ്യൂം ഡിസൈനറായി. പിന്നീട് ചെറിയ റോളുകൾ. നർമ്മമെന്ന പേരിൽ ബോഡി ഷെയ്മിങ് ആയിരുന്നു പലതും. ഒന്നിലും പരിഭവിച്ചില്ല ഇന്ദ്രൻസ്.

കാലം മഹാനടനോട് നീതികാട്ടി. ഹോം സിനിമയിലൂടെ നാഷണൽ അവാർഡ് വരെ. ഇപ്പോഴിതാ, കറുപ്പിലൂടെ അഭിനയക്കൊടുമുടിയിൽ.

ഇന്ദ്രൻസ് നടനാകും മുമ്പ് സുരേന്ദ്രൻ എന്ന തയ്യൽക്കാരനായിരുന്നു. വെറും നാലാം ക്ളാസുകാരൻ. പിതാവിന്റെ തണൽ പറ്റി അദ്ദേഹത്തിന്റെ കഷ്ടതയും വളർച്ചയും കണ്ടു വളർന്നവരാണ് മക്കൾ. ഇല്ലായ്മ അറിയിക്കാതെ തങ്ങളെ വളർത്താനായിരുന്നു അച്ഛൻ ശ്രമിച്ചതെന്ന് അവർ പറയുന്നു.

ഏതു വേഷം കിട്ടിയാലും ഭാര്യ ശാന്തകുമാരിയോടും മക്കളോടും ആലോചിക്കും. കറുപ്പിലെ വേഷവുമായി സംവിധായകൻ ബാലാജി സമീപിച്ചപ്പോഴും ഇതിൽ മാറ്റമുണ്ടായില്ല.

''കഥ ഞാൻ കേൾക്കുമെങ്കിലും എനിക്ക് ചെയ്യാൻ പറ്രുന്നതാണോ എന്ന് കുടുംബത്തിന്റെ അഭിപ്രായം തേടും. അവർ സിനിമയെല്ലാം കാണുന്നവരാണ്. മറ്റാരെങ്കിലും ഇത്തരത്തിലുള്ള വേഷം നേരത്തെ കൈകാര്യം ചെയ്തിട്ടുണ്ടോ എന്ന് അവർക്കറിയാൻ കഴിയും'- ഇന്ദ്രൻസ് പറഞ്ഞു.

കറുപ്പിന്റെ തെലുങ്കു പതിപ്പും ഹിറ്റായതോടെ അവിടെ നിന്നും ഓഫറുകൾ വരുന്നുണ്ടെന്ന് മഹേന്ദ്രൻ പറഞ്ഞു. ഭാഷ പ്രശ്നമാകുമോ എന്ന് അച്ഛന് ആശങ്കയുണ്ട്. കുഴപ്പമുണ്ടാവില്ലെന്ന് സമാധാനിപ്പിച്ചു. കഥ വായിച്ച് ആദ്യം ഞങ്ങളുടെ മുന്നിലൊരു അഭിനയമുണ്ട്. അതു കാണുമ്പോൾ അത്ഭുതവും അഭിമാനവും തോന്നും. സി.ഐ.ഡി ഉണ്ണികൃഷ്ണൻ, ആളൊരുക്കം,​ വെയിൽ മരങ്ങൾ,​ ഹോം, അഞ്ചാം പാതിര,​ കറുപ്പ്... കോമഡിയിൽ,​ ഭാവാഭിനയത്തിൽ,​ വില്ലൻ റോളിലൊക്കെ നിറഞ്ഞാടുമ്പോഴും മുഖമുദ്രയായ ആ നറുപുഞ്ചിരിയോടെ ഇന്ദ്രൻസ് പറയുന്നു,​ ഞാനൊരു പച്ചമനുഷ്യൻ. നല്ലൊരു പിതാവാണെന്ന് മക്കളെക്കൊണ്ട് പറയിക്കാനായാൽ അതാണ് പുണ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA