
തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും പൂർണ്ണ സജ്ജമാണെന്ന് വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.
നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രിൻസിപ്പൽ ഡയറക്ടറുടെ അധ്യക്ഷതയിൽ ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ അടിയന്തര അവലോകന യോഗം ചേർന്നു. ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണ്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്താനും പ്രിൻസിപ്പൽ ഡയറക്ടർ നിർദ്ദേശം നൽകി. വാർഡ് തലത്തിലുള്ള ദുരന്തനിവാരണ സമിതികളും എമർജൻസി റെസ്‌പോൺസ് ടീമുകളും സജീവമാക്കി അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിരന്തര നിരീക്ഷണം ഉറപ്പാക്കും. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, തീരദേശ അപകടങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനും വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ഗുരുതര രോഗികൾ, കുട്ടികൾ തുടങ്ങിയ അപകടസാധ്യതയുള്ള വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകൾക്ക് കെട്ടിടങ്ങൾ മുൻകൂട്ടി കണ്ടെത്തി സജ്ജമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ വൈദ്യുതി, ടോയ്‌ലറ്റ്, വെളിച്ചം, ഫാൻ, അടുക്കള തുടങ്ങിയ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മുഖേന തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കിയ തുക അടിയന്തരമായി വിനിയോഗിക്കണം. ശുദ്ധമായ കുടിവെള്ളം, ഭക്ഷണം, ശുചിത്വം, ആരോഗ്യപരിരക്ഷ, സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ പ്രത്യേക സൗകര്യങ്ങൾ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ഓടകൾ, കലുങ്കുകൾ, മഴവെള്ളച്ചാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കി അടിയന്തര ശുചീകരണം നടത്താനും അപകടകരമായ മരങ്ങളും ചില്ലകളും വെട്ടിമാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |