
കോട്ടയം : റെജീനയുടെയും, മകൻ ജോസഫിനിന്റെയും തണുത്തുറഞ്ഞ ശരീരം കണ്ട് ഭർത്താവ് ജോണിയും മക്കളായ സോമിറ്റും ജോമിറ്റും അലറിക്കരഞ്ഞു. ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും കണ്ണീർ വാർത്തു. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച ഇരുവരുടേയും മൃതദേഹം പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കുമ്പോൾ നാടൊന്നാകെ അന്ത്യയാത്രയേകാനെത്തി. റെജീന ജോലി ചെയ്യുന്ന സ്കൂളിലെ അദ്ധ്യാപകരും സുഹൃത്തുക്കളുമെല്ലാം വിങ്ങിപ്പൊട്ടി. മന്ത്രി മോൻസ് ജോസഫ് സർക്കാരിനെ പ്രതിനിധീകരിച്ച് പുഷ്പചക്രമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിനായി പാലാ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണനും, മീനച്ചിൽ തഹസിൽദാർ സജിമോൻ മാത്യുവും അന്തിമോപചാരമർപ്പിച്ചു. പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിലായിരുന്നു ഇരുവരുടെയും സംസ്കാരം. ആന്റോ ആന്റണി എം.പി, എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാപഞ്ചായത്തംഗം ആർ. ശ്രീകല, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ എന്നിവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |