SignIn
Kerala Kaumudi Online
Thursday, 02 July 2026 1.30 AM IST

വിദേശ സംഭാവന നിയമ ഭേദഗതി റദ്ദാക്കണം:സഭ

niyamasabha

തിരുവനന്തപുരം: സന്നദ്ധചാരിറ്റി സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന (നിയന്ത്രണ) നിയമ ഭേദഗതി റദ്ദാക്കണമെന്ന് നിയമസഭ ആവശ്യപ്പെട്ടു.സ്പീക്കർ ഉൾപ്പെടെ സഭയിലുണ്ടായിരുന്ന 112 അംഗങ്ങളുടെ പിന്തുണയോടെ പ്രമേയം പാസാക്കി. രണ്ട് ബി.ജെ.പി അംഗങ്ങൾ എതിർത്തു.

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, അശരണർക്കുള്ള ചികിത്സാ സഹായം, ഭിന്നശേഷിക്കാരുടെ പുനരധിവാസം, ദുരന്ത നിവാരണം എന്നിവയിൽ സർക്കാർ സംവിധാനങ്ങൾക്കു വലിയ സേവനമാണ് സന്നദ്ധ സംഘടനകൾ നൽകുന്നതെന്ന്

മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

സുതാര്യത ഉറപ്പാക്കാനെന്ന പേരിൽ വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയും പാർലമെന്റിൽ അവതരിപ്പിച്ച ബില്ലും സംഘടനകളുടെ സ്വയം ഭരണാവകാശത്തെയും ജനാധിപത്യ പ്രവർത്തന സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നു.

ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സംഘടനയ്ക്ക് മറ്റൊരു സംസ്ഥാനത്ത് പ്രവർത്തിക്കണമെങ്കിൽ വീണ്ടും രജിസ്‌ട്രേഷൻ വേണം. സ്വീകരിക്കുന്ന വിദേശ ഫണ്ടിന്റെ ആദ്യ ഗഡു ഉപയോഗിച്ചെന്നു പരിശോധിച്ച് ബോധ്യപ്പെട്ടാലേ തുടർന്നുള്ള ഗഡുക്കൾ നൽകൂവെന്ന വ്യവസ്ഥ പദ്ധതികൾ കൃത്യ സമയത്തു പൂർത്തിയാക്കാൻ തടസമാകും. ചട്ട ലംഘനം നടത്തിയാൽ ലഭിച്ച സംഭാവനയുടെ 30% വരെ പിഴ ഈടാക്കുമെന്ന വ്യവസ്ഥ

മാതൃകാപരമായി പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളുടെയും സാമ്പത്തിക ഭദ്രത ഇല്ലാതാക്കും.

കടുത്ത നിയന്ത്രണങ്ങൾ താഴെത്തട്ടിൽ ജനസേവനം നടത്തുന്ന ചെറുകിട കൂട്ടായ്മകളുടെ നിലനിൽപ്പിനെ ബാധിക്കും. കാരുണ്യ പ്രസ്ഥാനങ്ങളുടെ പ്രവർത്തനം അസാധ്യമാക്കുമെന്നും പ്രമേയത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA