കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ 2025ൽ ചട്ടം ലംഘിച്ച് ചെന്നൈക്ക് കടത്തിക്കൊണ്ടുപോയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ ഗൂഢാലോചനയിൽ ഇവരുടെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
2019ലെ സ്വർണക്കവർച്ച മറയ്‌ക്കാനാണ് 2025ൽ ശില്പങ്ങൾ ചെന്നൈയിലെത്തിച്ച് സ്വർണം പൂശിയതെന്നാണ് കണ്ടെത്തൽ. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയവയാണ് കുറ്റങ്ങൾ.
ശബരിമല മുൻ എക്സിക്യുട്ടീവ് ഓഫീസർ പരേതനായ മുരാരിബാബു, ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോർഡ് മെമ്പറായിരുന്ന എ. അജികുമാർ, തിരുവാഭരണം കമ്മിഷണറായിരുന്ന രജിലാൽ എന്നിവരാവും മറ്റു പ്രതികൾ. പ്രശാന്തും അജികുമാറും രജിലാലും ഒഴികെയുള്ളവർ നിലവിലും പ്രതികളാണ്. നിലവിലെ ജാമ്യം ബാധകമല്ലാത്തതിനാൽ തന്ത്രി അടക്കം അറസ്റ്റിലാവും.
പുതിയ കേസെടുക്കുകയോ അധിക കുറ്റപത്രം സമർപ്പിക്കുകയോ ആകാമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.
മുൻ ബോർഡ് അംഗം സുന്ദരേശൻ, സെക്രട്ടറി ബിന്ദു, തന്ത്രി മഹേഷ് മോഹനര്, ഉദ്യോഗസ്ഥരായ സുനില, ഒ.ജി. ബിജു, ശ്രീനിവാസ്, ഹേമന്ത്, വി.എസ്. രാജേന്ദ്ര പ്രസാദ്, ജുവലറി ഉടമ നാഗ ഗോവർദ്ധൻ എന്നിവരുടെ പങ്കും അന്വേഷിക്കുകയാണ്.
കുറ്റപത്രം ജൂലായ് 20നകം
2019ൽ ദ്വാരപാലക ശില്പങ്ങളും കട്ടിളപ്പാളികളും ചെന്നൈയിലെത്തിച്ച് സ്വർണം കവർന്ന കേസിൽ അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എസ്.ശശിധരൻ അറിയിച്ചു. എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണമെന്ന് നിർദ്ദേശിച്ച കോടതി, ജൂലായ് 20വരെ സമയം അനുവദിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന മറ്റു ഹർജികൾ ജൂലായ് 28ലേക്കു മാറ്റി.
2019ലെ സ്വർണമോഷണം മറയ്‌ക്കാൻ
( എസ്.ഐ.ടി റിപ്പോർട്ടിൽ നിന്ന് )
1. 2019ലെ തട്ടിപ്പ് മറയ്‌ക്കാനാണ് ശില്പങ്ങൾ വീണ്ടും സ്വർണം പൂശാനെന്ന വ്യാജേന ചെന്നൈക്ക് കൊണ്ടുപോകാൻ പദ്ധതിയിട്ടത്
2. പി.എസ്. പ്രശാന്ത് ചുമതലയേറ്റയുടൻ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണക്കൊള്ള ഗൂഢാലോചനയിൽ പങ്കാളിയാക്കി
3. ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവുകളും ലംഘിച്ചാണ് 2025ൽ ശില്പങ്ങൾ ചെന്നൈക്ക് കൊണ്ടുപോകാൻ ബോർഡ് തീരുമാനമെടുത്തത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |