
കോഴിക്കോട്: സാമൂതിരി രാജ പി.കെ. കേരളവർമ്മ (90) തീപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് രണ്ടു മാസമായി ചികിത്സയിലായിരുന്നു. ഫാർമക്കോളജി വിദഗ്ദ്ധനും മികച്ച എക്‌സ്‌പോർട്ടർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ അവാർഡ് ജേതാവും തിരുവണ്ണൂർ പുതിയകോവിലകത്ത് തെക്കെകെട്ട് താവഴി അംഗവുമാണ്. ഗാന്ധിജിയുടെ കോഴിക്കോട് സന്ദർശന
വേളയിൽ കൈയിലെ സ്വർണവള അദ്ദേഹത്തിന് ഊരി നൽകി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ മുൻ അമ്പാടി കോവിലകം (സാമൂതിരി കുടുംബത്തിലെ മുതിർന്ന സ്ത്രീകളാണ് അമ്പാടി കോവിലകം) ശ്രീദേവി വർമ്മയുടെയും തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബാല രാമവർമ്മയുടെയും മകനാണ്. കോഴിക്കോട് ചിന്താവളപ്പിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഒട്ടേറെ മരുന്നുകളുടെ ഉത്പ്പാദനത്തിലൂടെയും കയറ്റുമതിയിലൂടെയും ശ്രദ്ധേയമായ നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകനാണ്.
വർഷങ്ങൾക്കു മുൻപ് ലക്ഷദ്വീപിൽ മന്തുരോഗ വ്യാപനം തടയാൻ സംസ്ഥാന സർക്കാരിന്റെ ഫൈലേ റിയാസിസ് റിസർച്ച് സെന്ററുമായി ചേർന്ന് മരുന്നു കലർത്തിയ കറിയുപ്പ് വിതരണം ചെയ്ത് മാതൃകാ പദ്ധതി തയ്യാറാക്കിയ സംഘത്തിലെ അംഗവുമായിരുന്നു കേരളവർമ്മ. തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീ വർമ്മയാണ് ഭാര്യ. മക്കൾ: സുനീതി രാജ (വിവർത്തക, ബുക്ക് എഡിറ്റർ, ഡൽഹി), ഡോ. കെ. സുജിത്ത് വർമ്മ (പ്രിൻസിപ്പൽ, നാഷണൽ കോളേജ് ഓഫ് ഫാർമസി,കെ.എം.സി.ടി). മരുമക്കൾ: കെ.സി. രവീന്ദ്രൻ രാജ (കേന്ദ്ര പരിസ്ഥിതിമന്ത്രാലയം, ഉദ്യോഗസ്ഥൻ), ആർ. ദിവ്യ (അദ്ധ്യാപിക, കൊയിലാണ്ടി ഗവ. എം.വി. ഹൈസ്‌കൂൾ). സഹോദരങ്ങൾ: ഇന്ദിര രവിവർമ്മ, സരസ്വതിവർമ്മ, പരേതയായ സേതുവർമ്മ. സംസ്കാരം മാവൂർ റോഡ് സ്മൃതി പഥത്തിൽ നടന്നു. സഞ്ചയനം വെള്ളിയാഴ്ച.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |