
പൊലീസ് കേസെടുത്തു
കൊച്ചി: കൊച്ചി കപ്പൽശാലയിൽ 'ഐ ലൗ പാകിസ്ഥാൻ" എന്ന് അജ്ഞാതൻ എഴുതിയത് ബ്രിട്ടീഷ് കമ്പനിക്കായി നിർമ്മിക്കുന്ന കപ്പലിൽ. നോർത്ത് സ്റ്റാർ ഷിപ്പിംഗ് കമ്പനിക്കായി 2025ൽ നിർമ്മാണം ആരംഭിച്ച കപ്പലിൽ ഈ വർഷം ഫെബ്രുവരി 25നും ജൂൺ പത്തിനും ഇടയിലായിരിക്കാം എഴുതിയതെന്ന് കരുതുന്നു. ഷിപ്പ്‌യാർഡിന്റെ പരാതിയിൽ ഇന്നലെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തിയായി കണ്ടുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പാകിസ്ഥാൻ അനുകൂല എഴുത്തും പിന്നാലെ നടന്ന രഹസ്യാന്വേഷണവും കേരളകൗമുദിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് എഴുത്ത് കപ്പൽശാലയുടെ ശ്രദ്ധയിൽപ്പെട്ടത്. ആഭ്യന്തര അന്വേഷണത്തിനും കേന്ദ്ര ഏജൻസികളുടെ പരിശോധനകൾക്കും ശേഷമാണ് പൊലീസിൽ പരാതി നൽകിയത്.
കരാർ തൊഴിലാളികളും ജീവനക്കാരുമടക്കം കപ്പൽശാലയിലെ ഇരുനൂറോളം പേരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വെല്ലുവിളികൾ ഏറെ
എഴുതിയത് ആര്, പിന്നിലുള്ള ഉദ്ദേശ്യം തുടങ്ങിയ കാര്യങ്ങൾ പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. എഴുത്ത് കണ്ടെത്തിയ ഭാഗത്ത് സി.സി ടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തെ സങ്കീർണ്ണമാക്കുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവരെയും ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |