SignIn
Kerala Kaumudi Online
Monday, 25 May 2026 5.04 PM IST

അവിശ്വാസികള്‍ക്ക് പ്രവേശന അവകാശം ഉന്നയിക്കാനാകുമോ? ശബരിമല കേസില്‍ സുപ്രീം കോടതി

sabarimala

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം ഉള്‍പ്പെടെയുള്ളവുമായി ബന്ധപ്പെട്ട കേസുകളില്‍ ചോദ്യവുമായി സുപ്രീം കോടതി. ക്ഷേത്രത്തിലെ പ്രവേശനവുമായി ബന്ധപ്പെട്ട് അവിശ്വാസികള്‍ക്ക് അവകാശവാദം ഉന്നയിക്കാനാകുമോയെന്നാണ് ഒമ്പത് അംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചത്. ആരാധനാലയങ്ങളില്‍ പ്രവേശനത്തിന് അവകാശം ഉന്നയിക്കുന്നത് ആചാരങ്ങളില്‍ വിശ്വസിക്കുന്ന ഭക്തരാണോ അതോ അവിശ്വാസികളാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

ശബരിമലയുള്‍പ്പടെയുള്ള ആരാധനാലയങ്ങളിലെ ലിംഗവിവേചനവും മതസ്വാതന്ത്ര്യത്തിന്റെ പരിധിയും ചര്‍ച്ച ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. 'ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാത്ത, ഉത്തരേന്ത്യയിലുള്ള ഒരു അവിശ്വാസിക്ക് ദക്ഷിണേന്ത്യയിലെ ഒരു ക്ഷേത്രത്തില്‍ പ്രവേശന അവകാശം ഉന്നയിക്കാന്‍ എങ്ങനെ കഴിയുമെന്ന് ജസ്റ്റിസ്മാരില്‍ ഒരാളായ നാഗരത്‌ന ചോദിച്ചു. ഇത്തരം ആവശ്യങ്ങളുടെ അടിസ്ഥാനം എന്താണെന്നും ബാഹ്യശക്തികളുടെ നിര്‍ദേശപ്രകാരമാണോ ആവശ്യം ഉന്നയിക്കപ്പെടുന്നതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.


ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടെ ആചാര സംരക്ഷണത്തിനുള്ള അവസരം ഭരണഘടന ഉറപ്പാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. വൈവിധ്യങ്ങളെ മാനിക്കുന്നതിലൂടെ ഇന്ത്യയില്‍ കൂടുതല്‍ ഐക്യം നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജെയ്‌സിംഗ് ഹാജരായി. 2018ലെ വിധി നിലനില്‍ക്കണമെന്ന് വാദിക്കുന്ന ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവര്‍ക്കായാണ് ഇന്ദിര ജെയ്സിംഗ് ഹാജരായത്.

ഹര്‍ജിക്കാരില്‍ ഒരാള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണെന്നും അവരെ ക്ഷേത്രത്തില്‍ തടയുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17-ന്റെ ലംഘനമാണെന്നും വാദിച്ചു. 10 മുതല്‍ 50 വയസ്സ് വരെ സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുന്നത് വിവേചനമാണെന്നും വാദം ഉയര്‍ന്നു. എന്നാല്‍ സ്ത്രീകളെ തടയുന്നത് അവരുടെ ജാതി നോക്കിയല്ലെന്നും പ്രായപരിധി കണക്കിലെടുത്താണെന്നും കോടതി മറുപടി നല്‍കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, SABARIMALA, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA