
# 30.84 ലക്ഷം പിഴ
# സെൻട്രൽ ജയിലിൽ തടവുപുള്ളിയായി മുൻ ഡി.ജി.പി
കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ.തച്ചങ്കരിക്ക് നാലുവർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം വിജിലൻസ് സ്പെഷ്യൽ ജഡ്ജി കെ.വി. രജനീഷിന്റേതാണ് വിധി. പിഴത്തുകയടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവും അനുഭവിക്കണം. പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
അഴിമതിക്കേസിൽ സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്ന, ഡി.ജി.പി പദവിയിലിരുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അറുപത്തിമൂന്നുകാരനായ തച്ചങ്കരി. ഐ.ജിയായിരിക്കേ 2003 ജനുവരി ഒന്നു മുതൽ 2007 ജൂലായ് 7 വരെ, വരവിനേക്കാൾ 135 ശതമാനം അധിക സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. ആലപ്പുഴ മിത്രകരി കരിവേലിത്തറയിൽ ബോബി കുരുവിള നൽകിയ പരാതിയാണ് കേസിനടിസ്ഥാനം. 2003 മുതൽ 2007വരെ ശമ്പളവും കൃഷിയിൽ നിന്നുമൊക്കെയായി 47.64 ലക്ഷം രൂപ വരുമാനമുണ്ടെന്നാണ് രേഖകൾ. എന്നാൽ വരുമാനം മറികടന്ന് 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്തുണ്ടെന്നും ഇക്കാലത്ത് മൊത്തം ചെലവാക്കിയത് 1.02 കോടി രൂപയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ഇതിൽ 30.84 ലക്ഷം രൂപ അനധികൃതമെന്നാണ് കോടതി കണ്ടെത്തിയത്. 96 സാക്ഷികളെ വിസ്തരിച്ചു, 271 രേഖകൾ ഹാജരാക്കി.തച്ചങ്കരിക്ക് വസ്തുവിറ്റ ഏഴു പേർ കൂറുമാറിയിരുന്നു. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസും മുൻ ഡി.ജി.പി എസ്.അനന്തകൃഷ്ണനും തച്ചങ്കരിക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകിയിരുന്നു.
രാവിലെ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞപ്പോൾ, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് തച്ചങ്കരി ബോധിപ്പിച്ചു. ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞതാണെന്നും രണ്ടു ദിവസം മുൻപ് നെഞ്ചുവേദനയുണ്ടായെന്നും അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.കെ.കെ.ശ്രീകാന്ത് ഹാജരായി.
സാമ്പത്തികത്തിലെ പ്രോസിക്യൂഷൻ വാദം
( തുക ലക്ഷത്തിൽ)
#തമ്മനത്ത് 18 ആധാരങ്ങളിലായി നാല് ഏക്കർ സ്ഥലത്തിനായി ചെലവഴിച്ചത് ...............................................35
#തിരുവനന്തപുരത്ത് പിതാവ് സമ്മാനിച്ച
ഫ്ലാറ്റിന്റെ രജിസ്ട്രേഷൻ ഫീസായി.................................1.75
# ഭാര്യയ്ക്ക് സമ്മാനമായി.................................................... 52.50
#വിദേശയാത്രകൾക്ക് .............................................................6.75
#ഇൻകം ടാക്സായി..................................................................... 1.85
#മറ്റ് വിവിധ ആവശ്യങ്ങൾക്ക് ചെലവാക്കിയത്...............3.60
'' ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടയാൾ അഴിമതി കാട്ടിയതിനാൽ ഒരു പരിഗണനയും അർഹിക്കുന്നില്ല.
- കെ.വി.രജനീഷ്,
വിജിലൻസ് ജഡ്ജി
'' കേസിൽ പരിഗണിച്ചത് 2007 വരെയുള്ള സ്വത്താണ്. അതിനുശേഷം,വിരമിക്കുന്നതുവരെയുള്ള തച്ചങ്കരിയുടെ സമ്പാദ്യത്തെക്കുറിച്ചും അന്വേഷിക്കണം. ഇതിനായി വിജിലൻസിൽ പരാതി നൽകും.
-ബോബി കുരുവിള,
പരാതിക്കാരൻ
'' 9 മാസത്തെ വിചാരണക്കിടയിൽ പല രേഖകളും ലഭിക്കാതിരിക്കാൻ ഇടപെടലുകളുണ്ടായി. വളരെ ബുദ്ധിമുട്ടിയാണ് രേഖകളിലൂടെ കേസ് തെളിയിക്കാനായത്.''
-കെ.കെ.ശ്രീകാന്ത്,
പ്രോസിക്യൂട്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |