
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഇളവ് ധനകാര്യബില്ലിൽ ഉൾപ്പെടുത്തിയെങ്കിലും യു.ഡി.എഫിൽ അനുരഞ്ജനമുണ്ടാക്കിയ ശേഷമാവും തുടർ നടപടികളിലേക്ക് കടക്കുക.ജൂലായ് ഒന്നിന് നിയമസഭാ സമ്മേളനം സമാപിക്കുന്നതിന് തൊട്ടുപിന്നാലെ യു.ഡി.എഫ് ചേരാനാണ് നീക്കം. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ലെന്ന് കൺവീനർ അടൂർപ്രകാശ് പറഞ്ഞു.
ക്യാബിനറ്റ് പദവികളുടെ വീതം വയ്പ്, ബോർഡ്, കോർപ്പറേഷൻ വിഭജനം, സർക്കാർ അഭിഭാഷക നിയമനം, പുതിയ മദ്യനയം തുടങ്ങി നിരവധി വിഷയങ്ങളും യു.ഡി.എഫിൽ ചർച്ച ചെയ്യേണ്ടതുണ്ട്. ക്യാബിനറ്റ് പദവികൾ സംബന്ധിച്ച് ചില ഘടകകക്ഷികൾ ഉള്ളിലിരുപ്പ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യു.ഡി.എഫിൽ ചർച്ച ചെയ്തേ തീരുമാനത്തിലെത്തൂ. വീര്യം കുറഞ്ഞ മദ്യവില്പനയ്ക്ക് അനുമതി നൽകാനും നികുതി ഇളവ് വരുത്താനും എൽ.ഡി.എഫ് ഭരണകാലത്ത് കൈക്കൊണ്ട നടപടികളുടെ കൂടുതൽ രേഖകൾ പുറത്തു വന്നതോടെ പ്രതിപക്ഷ ആക്രമണത്തിന്റെ കടുപ്പം കുറയും.
അധികവരുമാനം ചൂണ്ടിക്കാട്ടി
മുഖ്യമന്ത്രി ന്യായീകരിക്കും
#പുതിയ നികുതി ഘടനവഴി സർക്കാരിന് ലഭിക്കാവുന്ന അധികവരുമാനം ഘടക കക്ഷികളെ ബോദ്ധ്യപ്പെടുത്തി അനുനയമുണ്ടാക്കാനാവും മുഖ്യമന്ത്രിയുടെ ശ്രമം. പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗ് നിലപാട് മയപ്പെടുത്തിയിട്ടുള്ളതാണ് കോൺഗ്രസിന്റെ ആശ്വാസം.
# മുതിർന്ന നേതാവ് വി.എം.സുധീരന്റെ വാക്കുകൾ കൂടി മുഖവിലയ്ക്കെടുത്ത് തോണി ഒരു കരയ്ക്ക് അടുപ്പിക്കാനാവും ശ്രമം. വീര്യം കുറഞ്ഞ മദ്യത്തിന് വില്പന അനുവദിക്കുന്നത് പരിശോധിക്കാൻ യു.ഡി.എഫ് ഉപസമിതി എന്ന നിർദ്ദേശവും വരാം. ഇക്കാര്യത്തിൽ നേരത്തെ ചട്ടഭേദഗതി ആയതാണ്. ഇപ്പോൾ ധനകാര്യ ബില്ലിലുമുൾപ്പെട്ടു. എക്സൈസ് വകുപ്പിന്റെ ബ്രാൻഡ് രജിസ്ട്രേഷൻ സാങ്കേതിക കാര്യം മാത്രം. അപേക്ഷ നൽകിയിട്ടുള്ള കമ്പനികൾക്ക് വേണമെങ്കിൽ നിയമത്തിന്റെ വഴി തേടാനുള്ള പഴുകളുണ്ടെന്ന് ചുരുക്കം.
#ക്യാബിനറ്റ് പദവി
ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വി.എം സുധീരനെ കോൺഗ്രസ് പരിഗണിക്കുമെന്ന് കേട്ടിരുന്നെങ്കിലും താത്പര്യക്കുറവ് സുധീരൻ വ്യക്തമാക്കിയിട്ടുണ്ട്. എം.കെ.മുനീറിനെ ഈ പദവിയിൽ എത്തിക്കാൻ ലീഗ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് , ഫോർവേഡ് ബ്ളോക്ക് തുടങ്ങിയ കക്ഷികൾക്കും അവകാശവാദമുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്ക് പുറമെ അഞ്ച് ക്യാബനറ്റ് പദവികളാണ് അനുവദിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |