SignIn
Kerala Kaumudi Online
Thursday, 04 June 2026 8.11 PM IST

ധവളപത്രം രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഢശ്രമം: വിമര്‍ശനവുമായി വി ശിവന്‍കുട്ടി

sivankutty

യു.ഡി.എഫ് സര്‍ക്കാര്‍ പുറത്തിറക്കിയ 'Kerala's Fiscal Health: A Status Report' എന്ന ധവളപത്രം വസ്തുതകള്‍ക്ക് നിരക്കാത്തതും, മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നേട്ടങ്ങളെ ബോധപൂര്‍വം തമസ്‌കരിക്കുന്നതുമായ ഒരു ഏകപക്ഷീയ രാഷ്ട്രീയ പ്രചാരണ ഉപകരണം മാത്രമാണെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി. ധനകാര്യ മാനേജ്മെന്റിലെ യഥാര്‍ത്ഥ വസ്തുതകളെ വളച്ചൊടിച്ച്, എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ സാമ്പത്തിക ഭദ്രതയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഈ റിപ്പോര്‍ട്ടിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളെ ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അവഗണിക്കുകയാണ്. പദ്ധതി ചെലവ് കുറഞ്ഞുവെന്ന റിപ്പോര്‍ട്ടിലെ ആരോപണം വസ്തുതാവിരുദ്ധമാണ്. ഹയര്‍ സെക്കന്‍ഡറി, ഉന്നതവിദ്യാഭ്യാസം, വൊക്കേഷണല്‍ ട്രെയിനിങ് മേഖലകളില്‍ വന്‍തോതിലുള്ള നിക്ഷേപമാണ് കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയത്. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ആധുനിക ലാബുകള്‍, അധ്യാപക പരിശീലനം എന്നിവയിലൂടെ കേരളത്തെ വിദ്യാഭ്യാസ സൂചികയില്‍ രാജ്യത്ത് പ്രഥമ ശ്രേണിയില്‍ എത്തിക്കാന്‍ സാധിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് വെട്ടിക്കുറച്ചും കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞു മുറുക്കി.
തൊഴില്‍ മേഖലയില്‍ സ്വകാര്യ നിക്ഷേപം കുറഞ്ഞുവെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ക്ഷേമ നിധികള്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐ.ടി പാര്‍ക്കുകള്‍ എന്നിവയിലൂടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നു. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഘടനാപരമായ പെന്‍ഷന്‍ ബാധ്യതകളെയും സബ്സിഡികളെയും അവഗണിച്ചുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തെക്കുറിച്ച് സംസാരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമുള്ള ശ്രമമാണ്.

കോവിഡ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിലും കേന്ദ്രത്തിന്റെ അവഗണനകള്‍ക്കിടയിലും ജനക്ഷേമ പദ്ധതികള്‍ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോയ സര്‍ക്കാരായിരുന്നു എല്‍.ഡി.എഫ്. സര്‍ക്കാരെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. പുതിയ സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള മറയായി ഈ ധവളപത്രത്തെ ഉപയോഗിക്കരുത്. ഇത്തരം തട്ടിപ്പ് പ്രചാരണങ്ങള്‍ അവസാനിപ്പിച്ച്, വസ്തുതാപരമായ ഒരു ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുന്‍ മന്ത്രി ആവശ്യപ്പെട്ടു. എല്‍.ഡി.എഫ്. ഭരണകാലത്തെ ജനകീയ നേട്ടങ്ങള്‍ തുടര്‍ന്നും ശക്തിപ്പെടുത്തണമെന്നതാണ് ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യമെന്നും വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA