SignIn
Kerala Kaumudi Online
Thursday, 02 July 2026 9.22 AM IST

വർക്കല പൊലീസ് പറയും പച്ചക്കറിയുടെ പുതുമന്ത്രം

df
ഫോട്ടോ - വർക്കല പോലീസ് സ്റ്റേഷനിലെ മാതൃക ജൈവകൃഷി തോട്ടo.

വർക്കല: 'മുറ്റത്തും പറമ്പിലും പച്ചപുതച്ച ലോകം, പരാതിക്കാർക്ക് കൈനിറയെ പച്ചക്കറിക്കിറ്റ്, സമ്പന്നമായ മത്സ്യകൃഷി, കുട്ടികൾക്കായി പാർക്ക്" - അദ്ഭുതമൂറുന്ന ഈ മാതൃകയുടെ പ്രതിരൂപമാണ് വർക്കല പൊലീസ് സ്റ്റേഷൻ. 2020 സെപ്തംബർ എട്ടിന് പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മാതൃകാ കൃഷിത്തോട്ടമൊരുക്കാൻ പൊലീസ് രംഗത്തെത്തിയത്. സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടറും ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസറും പി.ആർ.ഒയുമായ ബി. ജയപ്രസാദിന്റെ ആശയമായിരുന്നു ഇത്. തുടർന്ന് വർക്കല കൃഷിഭവ്ന്റെ മേൽനോട്ടത്തിൽ ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കാർഷിക കർമ്മസേനയുടെ സഹകരണത്തോടെ കാടുപിടിച്ചുകിടന്ന സ്ഥലം വൃത്തിയാക്കി ജൈവ പച്ചക്കറിത്തോട്ടം ക്രമീകരിച്ചു.

സ്റ്റേഷന്റെ 65 സെന്റ് വസ്‌തുവിലെ 15 സെന്റിൽ ആറ് ക്ലസ്റ്ററുകളായാണ് കൃഷി. പാവയ്‌ക്ക, ചീര, വെണ്ടയ്‌ക്ക, പടവലം, മുളക്, വെള്ളരിക്ക, തക്കാളി, കത്തിരിക്ക, ചേന, ചേമ്പ് തുടങ്ങി നൂറോളം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. ഇതിനകം രണ്ട് വിളവെടുപ്പും കഴിഞ്ഞു. വിളവെടുപ്പ് സമയത്ത് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് പച്ചക്കറിക്കിറ്റും നൽകാറുണ്ട്. ഒപ്പം പച്ചക്കറിത്തൈകളും. മുളയും കയറുമുപയോഗിച്ച് മനോഹരമായ സംരക്ഷണ വേലിയുമൊരുക്കി. ട്രിപ്പ് ഇറിഗേഷൻ പദ്ധതിയിലൂടെയാണ് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത്.

പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഔഷധ ഫലവൃക്ഷത്തോട്ടവും തയ്യാറാക്കിയിട്ടുണ്ട്. രക്തചന്ദനം, വേപ്പ്, ആത്തി, മാതളം, നാരകം, കൃഷ്ണതുളസി, പപ്പായ, കറ്റാർവാഴ, നെല്ലി, സീതപ്പഴം, പുളിഞ്ചി, കുടംപുളി, റമ്പൂട്ടാൻ, കറിവേപ്പില, പേര, ശീമ നെല്ലി, സപ്പോട്ട, എന്നിവയും നട്ടു. കുറ്റവാളികൾക്കും സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്കും കൃഷിയെ സംബന്ധിച്ചുള്ള ബോധവത്കരണം നൽകുന്നുണ്ട്.

 മാതൃകയാകുന്ന മത്സ്യക്കൃഷി

തോട്ടത്തിന്റെ ഒരു ഭാഗത്ത് ശുദ്ധജല മത്സ്യക്കൃഷിയുമുണ്ട്. അഞ്ചര അടി താഴ്ചയിലും, ആറടി വീതിയിലും, 20 അടി നീളത്തിലുമുള്ള കുളത്തിൽ 15000 സംഭരണ ശേഷിയുള്ള ടാങ്കിലാണ് മത്സ്യക്കൃഷി. ഒന്നാം ഘട്ടത്തിൽ സിലോപ്പിയ മത്സ്യമാണുണ്ടായിരുന്നത്. ഇതിന്റെ വിളവെടുപ്പ് ഏപ്രിലിൽ നടന്നു. രണ്ടാം ഘട്ടത്തിൽ ആറ്റുവാളയെ വളർത്തും. കൂടാതെ കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിംനേഷ്യം, പൂന്തോട്ടം എന്നിവയും സ്റ്റേഷൻ വളപ്പിലുണ്ട്.

ബാലവേല, സ്ത്രീധനം, മദ്യം, മയക്കുമരുന്ന്, ട്രാഫിക് തുടങ്ങിയവയെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന ചുവർ ചിത്രങ്ങളാണ് സ്റ്റേഷൻ ചുറ്റുമതിലിൽ പതിച്ചിട്ടുള്ളത്.

സ്റ്റേഷനിലെ കൃഷിത്തോട്ടം കാണാനും കൃഷിരീതി പഠിക്കാനും ധാരാളം വിദ്യാർത്ഥികളും, പൊതുജനങ്ങളും ഇവിടെയെത്തുന്നുണ്ട്. ജയപ്രസാദിനൊപ്പം വർക്കല ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, സി.ഐ ദിജേഷ്, സ്റ്റേഷനിലെ പൊലീസുകാരും പിന്തുണയുമായി ഒപ്പമുണ്ട്.

'അന്യമാകുന്ന കാർഷികവൃത്തിയെ പരിപോഷിപ്പിക്കുന്നതിനുള്ള നടപടികളാണ് വർക്കല പൊലീസ് സ്വീകരിക്കുന്നത്. ശുദ്ധജല മത്സ്യക്കൃഷി കൂടുതൽ വിപുലമാക്കാനും, കരനെൽക്കൃഷി നടപ്പാക്കാനുമാണ് തീരുമാനം".

- ബി. ജയപ്രസാദ്,

എ.എസ്.ഐ, പി.ആർ.ഒ വർക്കല പൊലീസ് സ്റ്റേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARKALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA