
കൊച്ചി: നടി അൻസിബ ഹസനെതിരെ വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തു. കേസെടുക്കാൻ കഴിയില്ലെന്ന കടവന്ത്ര പൊലീസിന്റെ റിപ്പോർട്ട് തള്ളി, വിശദമായ അന്വേഷണത്തിന് എറണാകുളം ജില്ലാ അഡിഷണൽ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയ അധിക്ഷേപം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 'ജിഹാദി", 'ഡബിൾ ഡാഡി സിൻഡ്രോം", 'ഡി.എൻ.എയിലെ പ്രശ്‌നങ്ങൾ" തുടങ്ങിയവ തമാശയായി പറഞ്ഞതാണെന്നും ക്രിമിനൽ ഉദ്ദേശ്യമില്ലെന്നുമുള്ള പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് പരാതി കൈമാറണമായിരുന്നെന്നും കോടതി പറഞ്ഞു. ജൂൺ 17നാണ് ടിനി ടോമിനെതിരെ അൻസിബ പൊലീസിനെ സമീപിച്ചത്. എന്നാൽ ടിനി ടോം, അമ്മ മുൻ പ്രസിഡന്റ് ശ്വേതാ മേനോൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.
നീന കുറുപ്പിന്റെ മൊഴി നിർണായകം
'അമ്മ" എക്‌സിക്യൂട്ടീവ് അംഗമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കോടതിയിൽ നിർണായകമായത്. 'അമ്മ" ഓഫീസിൽവച്ച് ടിനി അൻസിബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് നീന പൊലീസിന് മൊഴി നൽകിയിരുന്നു. ശ്വേതയും ഇതേ കാര്യങ്ങൾ തന്നോട് പറഞ്ഞതായും നീനയുടെ മൊഴിയിലുണ്ടായിരുന്നു.
അൻസിബയുടെ പരാതി അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. പുറത്തുവന്നത് സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങൾ മാത്രമാണ്
കാളിരാജ് മഹേഷ്‌കുമാർ
സിറ്റി പൊലീസ് കമ്മിഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |