SignIn
Kerala Kaumudi Online
Sunday, 14 June 2026 4.21 AM IST

കാനം രാജേന്ദ്രന് പിൻഗാമി ബിനോയ് വിശ്വം; സിപിഐ സംസ്ഥാന സെക്രട്ടറിയായി ഏകകണ്ഠേന തിരഞ്ഞെടുത്തു

READ ENGLISH VERSION
binoy-viswam

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വത്തെ നിയോഗിച്ചു. താത്‌‌കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്. ഏകകണ്ഠമായാണ് സംസ്ഥാന എ‌ക്‌സിക്യൂട്ടീവ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തതെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജ അറിയിച്ചു. ഈ മാസം 28ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്‌സിക്യൂട്ടീവ് തീരുമാനത്തിന് അന്തിമ അംഗീകാരം നൽകുമെന്നും ഡി രാജ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

പാർട്ടി തന്നിൽ അർപ്പിച്ച കർത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന അതേ അളവിൽ ഇടതുമുന്നണിയെയും ശക്തിപ്പെടുത്താൻ ശ്രമിക്കും. ഇടയ്ക്ക് വിമർശിക്കാറുണ്ടെങ്കിലും മാദ്ധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് നൽകിയ പിന്തുണയെക്കുറിച്ച് നല്ല ബോധ്യമുണ്ട്. കാനത്തിന്റെ ചികിത്സയ്ക്കായി അമൃത ആശുപത്രിയും ജീവനക്കാരും നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.കേന്ദ്ര സെക്രട്ടറിയേറ്റിൽ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ അംഗമാണ് ബിനോയ്.

കാൽപ്പാദത്തിലെ ശസ്ത്രക്രിയയ്ക്കു വേണ്ടി രണ്ടാമതും പാർട്ടി നേതൃത്വത്തിന് കാനം മൂന്ന് മാസത്തെ അവധി അപേക്ഷ നൽകിയപ്പോൾ, തനിക്കൊപ്പം ദേശീയ സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വത്തിന് സെക്രട്ടറി ചുമതല നൽകണമെന്ന നിർദ്ദേശവും വച്ചിരുന്നു. 16, 17 തീയതികളിൽ ചേരുന്ന ദേശീയ കൗൺസിൽ യോഗം ഇത് ചർച്ചചെയ്യാനിരിക്കെയാണ് കാനത്തിന്റെ വിടവാങ്ങൽ. കാനം അവസാനമായി പാർട്ടി നേതൃത്വത്തിന് മുന്നിൽ വച്ച നിർദ്ദേശം എന്ന നിലയിലുമാണ് ബിനോയ് വിശ്വത്തിന് ചുമതല കൈമാറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINOY VISWAM, KANAM RAJENDRAM, CPI, STATE SECRETARY, APPOINTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA