
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സി.പി.എം - സി.പി.ഐ പോര് മുറുകുന്നതിനിടെ, പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യത്തിൽ സി.പി.ഐക്ക് വ്യക്തമായ നിലപാടുണ്ട്. പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. സി.പി.എമ്മും സി.പി.ഐയും ഒരേ രാഷ്ട്രീയ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. എൽ.ഡി.എഫിൽ അടിമയും ഉടമയുമില്ല. എല്ലാ കക്ഷികൾക്കും തുല്യപ്രാധാന്യമാണ്. വിഷയം അടഞ്ഞ അദ്ധ്യായമാണെന്ന പിണറായി വിജയന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് 'എല്ലാം എൽ.ഡി.എഫ് കൺവീനർ പറഞ്ഞിട്ടുണ്ട്' എന്നായിരുന്നു പ്രതികരണം.
ഡൽഹിയിൽ നിർണായക ചർച്ച
സംസ്ഥാനത്തെ വിഷയങ്ങൾ ദേശീയ നേതൃത്വത്തെ അറിയിക്കാനും തുടർനടപടി തീരുമാനിക്കാനുമായി ഇന്ന് ഡൽഹിയിൽ സി.പി.ഐ സംസ്ഥാന-ദേശീയ നേതാക്കൾ പ്രത്യേകചർച്ച നടത്തും. രാംലീല മൈതാനത്തെ സി.പി.ഐയുടെ ദേശീയ റാലിയോടനുബന്ധിച്ചാണ് കൂടിക്കാഴ്ച. ചർച്ചയിൽ ജനറൽ സെക്രട്ടറി ഡി.രാജയും പങ്കെടുക്കും.
മഹാറാലി ഇന്ന്
ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സി.പി.ഐ സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് ഡൽഹി രാംലീല മൈതാനിയിൽ നടക്കും. 'ബദലാവ് ജരൂരി ഹേ'(മാറ്റം അനിവാര്യമാണ്) മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന റാലിയിൽ ലക്ഷം പേർ അണിനിരക്കും. വിലക്കയറ്റം തടയുക, തൊഴിലവസരം ഉറപ്പാക്കുക, കർഷകർക്ക് വിളകൾക്ക് നിയമപരമായ മിനിമം താങ്ങുവില ഉറപ്പാക്കുക, തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് റാലി.
ജന്ദർ മന്ദറിൽ പ്രതിഷേധം
മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി ആൾ ഇന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം. ജന്ദർ മന്ദറിലേക്ക് നടത്തിയ റാലി കേരള ഹൗസ് പരിസരത്ത് പൊലീസ് തടഞ്ഞതിനെ തുടർന്ന് റോഡരികിൽ ധർണ നടത്തി.
ബ്ലൂ ഇക്കോണമി നയം പിൻവലിക്കുക, മത്സ്യത്തൊഴിലാളികൾക്ക് ഭൂമിയും വീടും ഇൻഷുറൻസും ഉറപ്പാക്കുക, കുട്ടികൾക്ക് വിദ്യാഭ്യാസ സംവരണം നൽകുക, വൻകിട മത്സ്യബന്ധന കമ്പനികൾക്കുള്ള സബ്സിഡി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |