
കണ്ണൂർ: രക്തസാക്ഷിഫണ്ട്, കോടിയേരി സ്മാരകനിർമാണഫണ്ട്, ഹലാൽഫായിദ നിക്ഷേപ വിവാദം എന്നിവയ്ക്കു പിന്നാലെ കണ്ണൂരിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. ഇരിട്ടിയിൽ കോളേജ് സ്ഥാപിക്കാൻ, സി.പി.എം. ഏരിയ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ രജിസ്റ്റർ ചെയ്ത നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പിരിച്ച കോടികൾക്ക് യാതൊരു കണക്കുമില്ലെന്നാണ് പരാതി. ഫണ്ട് സമാഹരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും കോളജ് യാഥാർത്ഥ്യമായിട്ടില്ല. ഭൂമി വാങ്ങിയെന്ന് പാർട്ടി വിശദീകരിക്കുന്നുണ്ടെങ്കിലും ഇത് എവിടെയാണെന്ന് പോലുമറിയില്ലെന്നാണ് ഓഹരി ഉടമകളുടെ ആരോപണം.
2017 മാർച്ച് 18ന് ഇ.കെ.നായനാർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ് ശിലയിട്ടത്. അഡ്വ.സണ്ണിജോസഫാണ് ഷെയർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. 'എഡ്യുകെയർ അക്കാഡമി' കോളേജ് കാമ്പസ് ഉയരുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ശിലാസ്ഥാപനവും കബളിപ്പിക്കലായിരുന്നുവെന്നാണ് പരാതി. വിഷയം ജില്ലാനേതൃത്വത്തിലെത്തിയപ്പോൾ അന്വേഷണത്തിന് രണ്ടംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടിൽ നടപടിയുണ്ടായില്ല. ഇരിട്ടി ഏരിയ സമ്മേളനത്തിൽ നേതാക്കളെ ചോദ്യം ചെയ്യുന്നതിലേക്കും കാര്യങ്ങളെത്തി.
പണം പതിനായിരത്തിലധികം പേരിൽ നിന്ന്
2015ലാണ് സൊസൈറ്റി ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്തത്. ഇപ്പോഴത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനാണ് ട്രസ്റ്റിന്റെ അദ്ധ്യക്ഷൻ. സംഘടനാസംവിധാനവും ബഹുജനപ്രസ്ഥാനങ്ങളും ഉപയോഗിച്ചായിരുന്നു ധനസമാഹരണം. എ ക്ലാസ് അംഗത്വത്തിന് ഒരു ലക്ഷം, ബി ക്ലാസിന് 50,000 എന്നിങ്ങനെയാണ് വാങ്ങിയിരുന്നത്.
25,000, 10,000, 1,000 വരെയുള്ള ഓഹരികളുമുണ്ടായിരുന്നു. നിക്ഷേപകർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. 38 സെന്റ് ഭൂമി പര്യാപ്തമല്ലെന്നും
തുക തിരികെ നൽകുകയോ നിർമ്മാണം ആരംഭിക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കോളേജിനായി ഇരിട്ടി നഗരത്തിനടുത്ത്38 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ട് പോകും. കോളേജ് നടത്തിപ്പ് ലാഭകരമാകുമോയെന്ന സംശയമാണ് പാതിവഴിയിൽ നിലയ്ക്കാൻ കാരണം.
ബിനോയ് കുര്യൻ.
സൊസൈറ്റി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |