SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.20 AM IST

പൊലീസിന് പിന്നാലെ ഭരണഘടനാ വിരുദ്ധപ്രസംഗത്തിൽ അനുകൂല നിലപാടുമായി ഹൈക്കോടതി; സജി ചെറിയാനെ വീണ്ടും മന്ത്രിക്കസേരയിലെത്തിക്കാൻ സിപിഎം

saji-cheriyan

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി എന്ന പേരിൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മുൻ മന്ത്രിയായ സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലുൾപ്പെടുത്താൻ സിപിഎം. സജി ചെറിയാനെ രാജിയിലേയ്ക്ക് നയിച്ച ആരോപണങ്ങളിൽ നിയമനടപടി അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് നീക്കം. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം പരിഗണിക്കും എന്നാണ് വിവരം.

സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും നീക്കാൻ നിയമ വ്യവസ്ഥയില്ല എന്ന നിരീക്ഷണത്തോടെയായിരുന്നു ചീഫ് ജസ്റ്റിസ് എസ് മണികുമാർ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അദ്ദേഹത്തിനെതിരായ ഹർജി തള്ളിയത്.ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മുൻ മന്ത്രിയ്‌ക്കെതിരെയുള്ള അന്വേഷണം പൊലീസും നിർത്തലാക്കാനൊരുങ്ങുകയാണ് . ഭരണഘടനാ വിരുദ്ധ പരാമർശം തെളിയിക്കാനാകില്ല എന്ന നിയമോപദേശത്തെ മുൻനിർത്തിയാണ് കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്. എംഎൽഎയ്‌ക്കെതിരായ ക്രിമിനൽ കേസ് നിലനിൽക്കില്ല എന്ന് പബ്ളിക് പ്രോസിക്യൂട്ടറാണ് പൊലീസിന് നിയമോപദേശം നൽകിയത്.

മല്ലപ്പള്ളിയിൽ വെച്ച് നടന്ന വിവാദ പ്രസംഗത്തിൽ ഭരണഘടനാ വിരുദ്ധ പരാമാർശം നടത്തി എന്ന ആരോപണമുണ്ടായതിന് പിന്നാലെ രണ്ടാം എൽഡിഎഫ് സർക്കാരിലെ മന്ത്രിയായിരുന്ന സജി ചെറിയാൻ രാജി വെച്ചൊഴിഞ്ഞിരുന്നു. സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയ്ക്കിടയിലായിരുന്നു അദ്ദേഹം ഭരണഘടനയിലെ മൗലികാവകാശങ്ങൾ ചുക്കും ചുണ്ണാമ്പും ആണെന്നതടക്കമുള്ള പരാമർശം നടത്തിയത്. സംഭവത്തിൽ തിരുവല്ല കോടതിയുടെ നിർദേശപ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രസംഗത്തിന്റെ വീഡിയോയിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്നതടക്കം പരിശോധനയും നടത്തിയിരുന്നു.

സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ പകരം മന്ത്രിയെ നിയമിക്കാതെ മന്ത്രിസഭയിലെ നിലവിലുള്ള മന്ത്രിമാർക്ക് വിഭജിച്ച് നൽകുകയാണ് ചെയ്തത്. കൂടാതെ അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്ത് തുടരാം എന്ന നിലപാടാണ് സിപിഎമ്മും സ്വീകരിച്ചത്. അത് കൊണ്ട് തന്നെ കേസ് പിൻവലിച്ചാൽ സജി ചെറിയാൻ തിരികെ മന്ത്രി സഭയിലെത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, SAJI, CHERIYAN, CPM, CONSTITUT, ANTI, HIGH, COURT, MINISTER, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA