SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.09 AM IST

എക്‌സൈസ് മന്ത്രിയെ കാഴ്ചക്കാരനാക്കി : പിണറായി വിജയൻ

aa

തിരുവനന്തപുരം.എക്‌സൈസ് വകുപ്പ് മന്ത്രിയെ വെറുമൊരു കാഴ്ചക്കാരനാക്കി മദ്യലോബിയുടെ താത്പര്യം ബഡ്ജറ്റിൽ കൊണ്ടുവന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി ആരോപിച്ചു. ബക്കാർഡിക്ക് വേണ്ടി ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തിയത് വെറും രണ്ടര മണിക്കൂർ കൊണ്ടാണെന്നും ശേഷം മിന്നൽവേഗത്തിലായിരുന്നു കാര്യങ്ങൾ നീങ്ങിയതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. സാധാരണ മദ്യത്തിന് 251 ശതമാനത്തിലേറെ നികുതി ഉള്ളപ്പോൾ വീര്യം കുറഞ്ഞത് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഒറ്റയടിക്ക് നികുതി 120 ശതമാനമായി വെട്ടിക്കുറച്ചത് സംസ്ഥാനത്ത് മദ്യമൊഴുക്കാൻ വേണ്ടിയാണ്. മെയ് 18ന് സത്യപ്രതിജ്ഞ കഴിഞ്ഞു മൂന്നാം നാൾ, സെക്രട്ടറിയേറ്റിൽ അഴിമതിയുടെ ആദ്യ ഫയൽ അസാധാരണമായ രീതിയിൽ സജീവമായി. അതു ജനങ്ങളുടെ ക്ഷേമമോ നാടിന്റെ വികസനമോ ആയി ബന്ധപ്പെട്ടുള്ള ഒരു അടിയന്തര പ്രാധാന്യമുള്ള ഫയലായിരുന്നില്ല; മറിച്ച് 'ബക്കാർഡി' എന്ന സ്വകാര്യ കുത്തക മദ്യക്കമ്പനിക്ക് കോടികളുടെ നികുതിയിളവ് നൽകാനുള്ള ഗൂഢനീക്കമായിരുന്നു. 2023ൽ എൽ.ഡി.എഫ് സർക്കാരിന്റെ മുന്നിലെത്തുകയും ജനതാൽപര്യം മുൻനിർത്തി തീരുമാനമെടുക്കാതെ മാറ്റിവെക്കുകയും ചെയ്ത അതേ ഫയലാണ് യുഡിഎഫ് സർക്കാർ വന്ന
യുടനെ പൊടി തട്ടിയെടുത്തത്. ഈ ഫയൽ ശരവേഗത്തിലാണ് സഞ്ചരിച്ചത്. ജൂൺ 15ന് മുഖ്യമന്ത്രി തീരുമാനമെടുത്തതിന് ശേഷം ജൂൺ 16ന് അതിരാവിലെ 8.45ന് അഡീഷണൽ ചീഫ് സെക്രട്ടറി നീക്കിയ ഫയൽ പിന്നീട് ഒരു മിനിറ്റും രണ്ട് മിനിറ്റും ഇടവിട്ടാണ് ഓരോ ടേബിളുകളും കടന്നുപോയത്. കേരളത്തിന്റെ ചരിത്രത്തിൽ ഒരു മദ്യക്കമ്പനിക്ക് വേണ്ടി ഭരണകൂടം ഇത്ര ആത്മാർത്ഥമായി പ്രവർത്തിച്ച മറ്റൊരു സംഭവമുണ്ടാകില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

ഇതൊരു സാധാരണ ഭരണനടപടിയല്ല, മറിച്ച് സർക്കാരിന് നികുതി നഷ്ടത്തിനും മദ്യകമ്പനിക്ക് കോടികളുടെ ലാഭത്തിനും ഉതകുന്ന ആസൂത്രണമാണ്. ഇതിന്റെയെല്ലാം വേരുകൾ എവിടേക്കാണ് നീളുന്നതെന്ന് വ്യക്തമാണ്. ആദ്യ ബഡ്ജറ്റിൽ തന്നെ വീര്യം കുറഞ്ഞ മദ്യത്തിന് ഭീമമായ നികുതിയിളവ് പ്രഖ്യാപിച്ച് ബക്കാർഡിയുമായുള്ള ഡീൽ പാലിച്ചു. സർക്കാരിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ ജനങ്ങൾക്ക് മുന്നിൽ അനാവൃതമായത്.

നികുതിയിനത്തിൽ 130 ശതമാനത്തിലേറെ കുറവാണ് വരുത്തിയിരിക്കുന്നത്. മദ്യ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കാലങ്ങളായി ഉയർന്ന നികുതി ഏർപ്പെടുത്തി വരുന്നത്. എന്നാൽ മദ്യമുതലാളിമാർക്ക് കോടിക്കണക്കിന് രൂപയുടെ നികുതിയിളവ് നൽകി വിലകുറച്ച് കേരളത്തിൽ മദ്യമൊഴുക്കുന്നത് ഈ സമൂഹത്തോട് ചെയ്യുന്ന കുറ്റകൃത്യമാണ്.

ഈ കുംഭകോണത്തെ ന്യായീകരിക്കാൻ ചില സാങ്കേതിക വാദങ്ങൾക്ക് പിന്നിൽ ഒളിക്കാനാണ് യു ഡി എഫ് സർക്കാർ ശ്രമിക്കുന്നത്. മിലിട്ടറി, പാരാമിലിട്ടറി കാന്റീനുകളിൽ ബക്കാർഡിക്ക് കഴിഞ്ഞ എൽ ഡി എഫ് സർക്കാർ അനുമതി നൽകി എന്ന തരത്തിലാണ് ചില വ്യാഖ്യാനങ്ങൾ. എന്നാൽ അവിടങ്ങളിൽ ഏതെല്ലാം ബ്രാന്റുകൾ വിൽക്കാമെന്ന് തീരുമാനിക്കുന്നത് പൂർണ്ണമായും കേന്ദ്ര പ്രതിരോധ-ആഭ്യന്തര വകുപ്പുകളാണ്. സി.എസ്.ഡി കാന്റീനിൽ വിൽക്കുന്ന സാധനങ്ങളുടെ നികുതി നിരക്കുകൾ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാർ അല്ല. വിൽക്കാൻ തീരുമാനിച്ചിട്ടില്ലെങ്കിൽ ആ ഉൽപ്പന്നത്തിന് എന്തിനാണ് മുഖ്യമന്ത്രി ഇത്ര തിടുക്കപ്പെട്ട് 600 കോടിയുടെ നികുതിയിളവ് പ്രഖ്യാപിച്ചതെന്നും ലേഖനത്തിൽ പിണറായി ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA